ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ ഉഷ:പൂജയുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചു. ഈ വിവരങ്ങൾ ചോർത്തിയത് ദേവസ്വം ബോർഡിലെ ചില ജീവനക്കാരാണെന്നാണ് സൂചന.
മോഹൻലാൽ ശബരിമലയിൽ എത്തിയപ്പോഴാണ് രഹസ്യമായി മമ്മൂട്ടിയുടെ പേരിലുള്ള ഉഷ:പൂജ നടത്തിയത്. മമ്മൂട്ടിയുടെ പേരും നാളും രേഖപ്പെടുത്തിയ പൂജയുടെ രസീത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം. മനോജാണ് ഇക്കാര്യം അറിയിച്ചത്. ഈ സംഭവത്തിൽ മോഹൻലാൽ അതീവ ദുഃഖിതനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.