എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കോട്ടപ്പടി കൂവക്കണ്ടം മേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പിണ്ടിമന പ്രദേശത്ത് എത്തിയ ആനകൾ ഫെൻസിംഗും, ടിൻ ഷീറ്റുകളും തകർത്താണ് കൃഷിയിടത്തിലേക്കത്തിയത്.
കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ കൂവക്കണ്ടത്തും പിണ്ടിമന പഞ്ചായത്തിലെ 12-ാം വാർഡിലുമാണ് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചത്. കൂവക്കണ്ടത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മനോജ് എന്ന കർഷകൻ്റെ 200 – ഓളം വാഴകളും, ഒരേക്കറോളം പൈനാപ്പിളും 500-ഓളം ചക്കകളും നശിപ്പിച്ചു, മൃഗശല്യം ഒഴിവാക്കാൻ സ്ഥാപിച്ച ഫെൻസിംഗും കയ്യാലകളും തകർത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്.
പിണ്ടിമനയിൽ രാത്രിയിൽ ഫെൻസിംഗ് തകർത്തെത്തിയ ആനകൾ പൈനാപ്പിൾ, റബ്ബർ തൈകൾ, വാഴ, കയ്യാലകൾ, ലക്ഷങ്ങൾ മുടക്കിസ്ഥാപിച്ച ടിൻ ഷീറ്റുകൾ എന്നിവ നശിപ്പിച്ചു. കർഷകരായ മൈക്കുളങ്ങര കുര്യാക്കോസ്, വീപ്പനാട്ട് ഏലിയാസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശം വരുത്തിയത്.
കാട്ടാനകളെ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.