മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.2022 ൽ വിഷാദരോഗത്തിന് അടിമയായ യുവതി സഹോദരീ ഭർത്താവിന്റെ ഉപദേശപ്രകാരം ഉസ്താദ് അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയി. അവിടെ കുളൂർ ഉസ്താദ് എന്നറിയപ്പെടുന്ന അബ്ദുൽ കരീം യുവതിയെ കാണുകയും ആരോ അവർക്ക് മന്ത്രവാദം നടത്തിയെന്നും അതിൽ നിന്ന് മുക്തി നേടാൻ ആചാരം നടത്തണമെന്നും പറഞ്ഞു.
മന്ത്രവാദത്തിൽ നിന്ന് മുക്തി നേടാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ കരീം യുവതിയോട് ഇടയ്ക്കിടെ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരിയെ കൂടെ കൂട്ടി യുവതി പലതവണ ഇയാളെ സന്ദർശിച്ചിരുന്നു. എന്നാൽ, ഒരു ദിവസം സഹോദരി ഇല്ലാതെ ചികിത്സക്കായി അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
യുവതിയിൽ നിന്ന് 55,000 രൂപ കൈപ്പറ്റിയെന്നും അവർ നൽകിയ പരാതിയിലുണ്ട്. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദം ഇല്ലാതാക്കാൻ കഴിവുള്ള ഉസ്താദ് ആണെന്ന് നടിച്ച് ഇയാൾ സമാനമായ രീതിയിൽ മറ്റ് പലരെയും വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.