ബോക്സ്ഓഫിസിൽ ചരിത്രമായി ‘എമ്പുരാൻ’. സിനിമ 100 കോടി ക്ലബ്ബിലെത്തിയ വിവരം നടൻ മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി എമ്പുരാൻ മാറി.
വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു. ഓവർസീസ് കളക്ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനെക്കാൾ ഉയർന്ന ഓപ്പണിങ് ആണ് എമ്പുരാൻ നേടിയത്. യുകെയിലും ന്യൂസിലാൻഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയെന്ന നേട്ടവും എമ്പുരാൻ നേടി.
അഡ്വാൻസ് ബുക്കിങിലൂടെ തന്നെ ചിത്രം ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയി മാറിയ എമ്പുരാൻ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രം കൂടിയാണ്.
അതേസമയം മോഹൻലാൽ- പൃഥ്വിരാജ് സുകുമാരൻ സിനിമ’ എമ്പുരാൻ’ തിയേറ്ററുകളിൽ എത്തി മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം ഇപ്പോൾ ഫിൽമിസില്ല, മൂവിറൂള്‍സ്, ടെലിഗ്രാം, തമിഴ്‌റോക്കേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ 1080p മുതൽ 240p വരെ ഉൾപ്പെടുന്ന എച്ച്ഡി പതിപ്പുകൾ ലീക്കായിട്ടുണ്ട്.