കേരള ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. മുൻ കേന്ദ്ര മന്ത്രിയും, വ്യവസായിയും, ടെക്നോക്രാറ്റുമായ അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത് പാർട്ടിക്ക് കൂടുതൽ കരുത്തേകും എന്ന് ദേശീയ നേതൃത്വം വിലയിരുത്തി . ഹാർവാർഡ് സർവകലാശാലയിൽ പഠിച്ച ഇദ്ദേഹത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ട് എന്നും കണ്ടെത്തിയാണ് പുതിയ ചുമതല നല്‍കിയത് .
ബിജെപിയുടെ ദേശീയ വക്താവും, എൻഡിഎ കേരളത്തിൻ്റെ വൈസ് ചെയർമാനുമായിരുന്നു. കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് എത്തിയ അദ്ദേഹം കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് വകുപ്പ് സഹമന്ത്രിയായിരുന്നു. വികസനത്തെക്കുറിച്ചും സാങ്കേതിക വിദ്യയിലൂന്നിയ ഭാവിയെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളും ആശയങ്ങളുമുള്ള നേതാവാണ് .
കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. പുതുതലമുറയെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പുതിയ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്ന് പുതിയ വെല്ലുവിളികളെ മികച്ച രീതിയിൽ നേരിടുന്ന തരത്തിൽ പാർട്ടി സംവിധാനത്തെ മാറ്റിയെടുക്കാൻ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിന് കഴിയും.