Logo Below Image
Saturday, April 12, 2025
Logo Below Image
Homeഇന്ത്യരാഷ്ട്രപതി ഒപ്പു വെച്ചു: വഖഫ് ബില്ല് നിയമമായി

രാഷ്ട്രപതി ഒപ്പു വെച്ചു: വഖഫ് ബില്ല് നിയമമായി

വഖഫ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വച്ച് രാഷ്ട്രപതി. ഇതോടെ ബില്ല് നിയമമായി. ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്. 232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു.

ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു.

1995ൽ ഈ നിയമം റദ്ദാക്കി വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടർന്ന് 2013ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വഖഫിന്റെ പ്രവർത്തനം.

പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷൻ 3 ( ഐ )യിൽ മാറ്റം വരും. ഭേദഗതി നിലവിൽ വന്നാൽ കൃത്യമായ രേഖകൾ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ.

വസ്തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാൾക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാൻ സാധിക്കുകയുള്ളു.

വഖഫ് ബോർഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഭേദഗതി പ്രകാരം ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിന് നഷ്ടമാകും. പകരം വസ്തുവിന്റെ സർവേ ഉത്തരവാദിത്തം ജില്ലാ കലക്ടർമാർക്കായിരിക്കും. നിലവിൽ ഭൂരിപക്ഷം വഖഫ് ബോർഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാൽ പുതിയ ബില്ല് നിയമമാകുന്നതോടെ സർക്കാരിന് മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം.

സമുദായം നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രൈബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ