മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. വ്യാഴാഴ്ച ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ ഒരുക്കുന്നതിനിടെയാണ് സംഭവം. കിണറിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാൻ ആദ്യം അഞ്ചു പേരാണ് ഇറങ്ങിയായത്.
എന്നാൽ, അടിത്തട്ടിലെത്തിയപ്പോഴേക്കും ചെളി അടിഞ്ഞു ചതുപ്പായ കിണറിൽ ഇവർ കുടുങ്ങി. ചതുപ്പിൽ താഴ്ന്നു പോയവരെ രക്ഷിക്കാനായി മൂന്നു പേര് കൂടി ഇറങ്ങുകയായിരുന്നു. എന്നാൽ ആഴമുള്ള കിണറ്റിൽ നിറഞ്ഞു നിന്ന വിഷവാതകം മൂലം ഇവർക്കും പുറത്തെത്താനായില്ല.
നാല് മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. ജില്ലാ ഭരണകൂടം, പോലീസ്, എസ്ഡിആർഎഫ് ടീമുകൾ എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കൂട്ടമരണത്തെ തുടർന്ന് ഭാവിയിൽ പകടങ്ങൾ ഉണ്ടാകാതിരിക്കാൻ കിണർ അടച്ചു പൂട്ടാൻ ഗ്രാമവാസികൾ തീരുമാനിച്ചിട്ടുണ്ട്. അതെ സമയം സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.