കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നേരിട്ടറിയാൻ 130 ഓളം യുവതീയുവാക്കൾ കശ്മീരിൽ നിന്നും തിരുവനന്തപുരത്തെത്തി. കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
അറിവിന്റെയും ജ്ഞാനത്തിന്റെയും അന്തസത്ത ഉൾക്കൊളളുന്ന പൈതൃകമാണ് കശ്മീരിന്റേതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. യുദ്ധഭൂമിയിലെ രാജാക്കൻമാരെയല്ല ഋഷിവര്യന്മാരെയും സൂഫിവര്യന്മാരെയും വഴികാട്ടികളായി കണ്ട പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഈ പാരമ്പര്യമാണ് കശ്മീരിലെ പൂർവികരും നമുക്ക് കാട്ടിത്തന്നതെന്നും ഗവർണർ പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഇന്ത്യാ മഹാരാജ്യം രൂപീകരിക്കുന്നതിന് അനേകം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തിന്റെ മക്കൾ എന്ന ചിന്ത നിലനിന്ന ഇടമാണ് നമ്മുടേത്. വസുധൈവ കുടുംബകം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യചിന്തയാണ് കശ്മീരി സംസ്കാരത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിൽ നിന്നെത്തിയ യുവജനങ്ങളുമായി ഗവർണർ ആശയവിനിമയം നടത്തി. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെച്ച നെഹ്റു യുവ കേന്ദ്ര ജില്ലാ തല ഓഫീസർമാർക്കുള്ള പുരസ്കാര വിതരണവും ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
നെഹ്റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി പാർവതി, ജമ്മുകശ്മീർ കണ്ടിജന്റ് ലീഡർ മുനീർ ഹുസൈൻ ആസാദ്, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കശ്മീരീലെയും കേരളത്തിലെയും കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ആറ് വരെ തിരുവനന്തപുരത്ത് നടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്ര കേരള സംഘാതനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ രണ്ടിന് രാവിലെ 10 മണിക്ക് കശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയും. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി പാർവതി പ്രസംഗിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. ആർസു, ഡോ രഘു, ഡോ ഗോപകുമാർ എന്നിവർ വിഷയാവതരണം നടത്തും.
കശ്മീരി പ്രതിനിധികൾ കേരള നിയമസഭ, ദൂരദർശൻ കേന്ദ്രം, വിക്രം സാരാഭായ് സ്പേസ് സെൻ്റർ-തുമ്പ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ -ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കും. സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം തുടങ്ങിയ ക്യാംപയ്ൻ പ്രവർത്തനങ്ങളിലും യുവജനങ്ങൾ പങ്കാളികളാകും. നവംബർ ഏഴിന് സംഘം തിരിച്ചു പോകും. രാജ്യത്തിൻ്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാർന്ന സംസ്‌കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിൽകണ്ട് പഠിക്കാനുമാണ് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.