ഖത്തറിൽ താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ മൂന്നു മാസത്തെ ഗ്രെയ്‌സ് പിരീഡ് അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം. 2015-ലെ താമസ നിയമം 21 പ്രകാരമുള്ള നിയമം ലംഘിക്കുന്നവർക്കാണ് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചത്.
2015 ലെ താമസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ എൻട്രി വിസ പ്രകാരം അനുവദിക്കപ്പെട്ട അംഗീകൃത കാലയളവിന് ശേഷവും രാജ്യത്ത് തുടരുകയും ചെയ്യുന്നവർക്ക് ഇളവ് ബാധകമാണെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.
ഫെബ്രുവരി 9 ഞായറാഴ്ച മുതൽ മൂന്ന് മാസത്തേക്കാണ്` ഇളവ് പ്രാബല്യത്തിലുണ്ടാവുക. നിർദ്ദിഷ്‌ട കാലയളവിനുള്ളിൽ പുറപ്പെടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ, നിയമലംഘകർക്ക് നേരിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോവുകയോ അല്ലെങ്കിൽ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തെ സമീപിക്കുകയോ ചെയ്യാം.
അതേസമയം, ഇത്തരക്കാർക്ക് പിന്നീട് ഖത്തറിലേക്ക് തിരിച്ചുവരുന്നതിന് ഏതെങ്കിലും തരത്തിലുള്ള വിലക്കോ പിഴകളോ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.