എല്ലാവർക്കും നമസ്കാരം
ഇത്തവണത്തെ ഓണത്തിന് പാലക്കാടൻ സ്പെഷ്യൽ ഇടിച്ചുപിഴിഞ്ഞ പായസം ആയാലോ. പേര് കേട്ടിട്ട് പേടിച്ച്വോ. പണ്ടുകാലത്ത് അരകല്ലിൽ ചിരവിയ നാളികേരം ഇട്ട് ഇടിച്ചെടുത്ത് പാൽ പിഴിഞ്ഞല്ലേ പ്രഥമൻ ഉണ്ടാക്കാറുള്ളത്. അതുകൊണ്ടായിരിക്കും ഇങ്ങനെയൊരു പേരു വന്നത്. സംഭവം സൂപ്പർ ടേസ്റ്റി ആണ്. വളരെ കുറച്ച് സാധനങ്ങളേ ആവശ്യമുള്ളൂ, അതേപോലെതന്നെ പെട്ടെന്നുണ്ടാക്കാനും പറ്റും. അമ്മമ്മ ഉണ്ടാക്കാറുണ്ടായിരുന്ന ഓരോ വിഭവത്തിനും പ്രത്യേക രുചിയും മണവുമായിരുന്നു. ഓർമ്മകളുടെ തേരിലേറി പായസമുണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ വേണമെന്ന് നോക്കാം.
ഇടിച്ചുപിഴിഞ്ഞ പായസം
ആവശ്യമായ സാധനങ്ങൾ
ഉണക്കലരി -3/4 കപ്പ്
പാൽ-ഒരു കപ്പ്
നാളികേര രണ്ടാം പാൽ-1 1/2കപ്പ്
ഒന്നാം പാൽ-1 1/4 കപ്പ്
വെല്ലം-200 ഗ്രാം
വെള്ളം-5 ടീ സ്പൂൺ
ഏലയ്ക്കപൊടി-1/4 ടീസ്പൂൺ
നെയ്യ്-4ടേബിൾ സ്പൂൺ
നാളികേരം ചെറുതായി മുറിച്ചത്-4ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
അരി കഴുകി പാൽ ഒഴിച്ച് പ്രഷർ കുക്കറിൽ വേവിക്കുക.
വെല്ലം അഞ്ചു സ്പൂൺ വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കുക
രണ്ടാം പാലും വെല്ലം ഉരുക്കിയതും വെന്ത അരിയിലേക്ക് ഒഴിച്ചു സ്റ്റൗവ് സിമ്മിലിട്ട് തിളപ്പിക്കുക.
നന്നായി തിളച്ചു കഴിഞ്ഞ് ഒന്നാം പാൽ ഒഴിച്ച് നന്നായി ഇളക്കി തിള വരുന്നതിനു മുമ്പ് ഏലയ്ക്ക പൊടി വിതറി അടച്ചുവയ്ക്കുക.
നെയ്യിൽ നാളികേരം വറുത്തു കൊട്ടിയാൽ രുചികരമായ ഇടിച്ചു പിഴിഞ്ഞ പായസം തയ്യാറായി.
എന്താ ഒന്നു ട്രൈ ചെയ്യാ ല്ലേ.