Sunday, December 22, 2024
Homeപാചകംസ്വാദിഷ്ടമായ ചിക്കൻ ദം ബിരിയാണി

സ്വാദിഷ്ടമായ ചിക്കൻ ദം ബിരിയാണി

റീന നൈനാൻ വാകത്താനം (മാജിക്കൽ ഫ്ലേവേഴ്സ്)

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന കുക്കറിൽ തയ്യാറാക്കിയ “ചിക്കൻ ദം ബിരിയാണി” യുടെ ഒരു അടിപൊളി റെസിപ്പി ആണ്.

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. കുറച്ച് സമയം എടുത്ത് വേണം ഈ ബിരിയാണി തയ്യാറാക്കേണ്ടത്. അതിനാൽ ക്ഷമയോടെ വായിച്ചു നോക്കി തയ്യാറാക്കുവാൻ ശ്രമിക്കുക.

ആദ്യം ചിക്കൻ തയ്യാറാക്കുന്നതിനു വേണ്ടിയ ചേരുവകൾ

ചിക്കൻ – ഒരു കിലോ
ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് – ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
മുളകുപൊടി – ഒന്നര ടീസ്പൂൺ
ഗരം മസാല – ഒരു ടീസ്പൂൺ
ഉപ്പ് – ഒരു ടീസ്പൂൺ
നാരങ്ങനീര് – ഒന്നര ടീസ്പൂൺ

കഴുകി കഷ്ണങ്ങൾ ആക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ ചേർത്ത് കൈകൊണ്ട് ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ഇനി റൈസ് തയ്യാറാക്കുന്നതിന് മുമ്പ് ചിക്കനിലേക്കും റൈസിലേക്കും വേണ്ടിയ സവാള എങ്ങനെയാണ് ഫ്രൈ ചെയ്ത് എടുക്കുന്നത് എന്ന് നോക്കാം.

———————————————————————–

സവാള – രണ്ടെണ്ണം വലുത്
ഓയിൽ – വറക്കുന്നതിന് ആവശ്യമുള്ളത്

സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞ് ഗോൾഡൻ നിറം ആകുന്നതു വരെ ഓയിലിൽ വറുത്തു കോരി മാറ്റിവെക്കുക.

ചിക്കൻ വേവിക്കുന്നതിന് ആവശ്യമുള്ള ചേരുവകൾ തയ്യാറാക്കി വെക്കാം.
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

ഓയിൽ – 4 ടേബിൾ സ്പൂൺ
കറുവാപ്പട്ട – രണ്ടിഞ്ച് വലുപ്പത്തിൽ ഒരു കഷ്ണം
ഗ്രാമ്പു – 4 എണ്ണം
തക്കോലം – ഒരെണ്ണം
ജാതിപത്രി – ഒരെണ്ണം
ബേലീഫ് – ഒരെണ്ണം
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
സവാള – രണ്ടെണ്ണം
ഉപ്പ് – പാകത്തിന്
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
ഗരം മസാല – ഒരു ടീസ്പൂൺ
കുരുമുളക് ചതച്ചത് – ഒരു ടീസ്പൂൺ
ചൂടുവെള്ളം – ഒന്നര കപ്പ്
പഴുത്ത തക്കാളി – ഒന്ന് വലുത്

സവാള വറുത്ത എണ്ണ ബാക്കി വരുന്നതിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ഓരോന്നായി ചേർത്ത് നല്ലപോലെ വഴറ്റി ചിക്കൻ അതിലേക്ക് ഇട്ട് വഴറ്റി ചൂടുവെള്ളം ചേർത്ത് മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് സവാള വറുത്തതിൽ നിന്നും അല്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഇനി 500 ഗ്രാം ജീര റൈസ് നന്നായി കഴുകി വെള്ളമൊഴിച്ച് അരമണിക്കൂർ കുതിരാൻ മാറ്റിവയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് അരിപ്പ പാത്രത്തിലേക്ക് മാറ്റി വെള്ളം മുഴുവൻ പോകുവാൻ വയ്ക്കുക.

റൈസ് തയ്യാറാക്കുന്നതിനു മുൻപ് റൈസ്സിലേക്ക് ചേർക്കുവാനായി കശുവണ്ടി , മുന്തിരി , ഒരു ക്യാരറ്റ് ഇവ ഓരോന്നായി നെയ്യിൽ വറുത്ത് കോരി മാറ്റിവെക്കുക.

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ കുറച്ച് നെയ്യ് ചൂടാക്കി ഒരു ബേലിഫ് , ചെറിയ ഒരു കഷ്ണം പട്ട , മൂന്ന് ഗ്രാമ്പു , മൂന്ന് ഏലയ്ക്ക ഇത്രയും വഴറ്റി ഇതിലേക്ക് അരിപ്പ പാത്രത്തിൽ വച്ച റൈസ് ഇട്ട് ഒന്ന് വറുക്കുക. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളവും പാകത്തിന് ഉപ്പും ഒരു സ്പൂൺ നാരങ്ങാനീരും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഒരുപാട് വേവുന്നതിന് മുമ്പ് തീ ഓഫ് ചെയ്ത് മാറ്റിവെക്കുക.

ഇനി ബിരിയാണി ദം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
””””””””””””””””””””'””””””””””””””””””””””””””””””””””””””””””'”””””””””””

കുക്കറിൻ്റെഅടപ്പ് തുറന്ന് വെന്തിരിക്കുന്ന ചിക്കന്റെ പകുതി വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ബാക്കിയുള്ള ചിക്കന്റെ മുകളിലേക്ക് പുതിനയില , അല്പം മല്ലിയില , വറുത്തു മാറ്റിവച്ച കശുവണ്ടി , മുന്തിരി , ക്യാരറ്റ് എന്നിവയുടെ പകുതി വീതവും നിരത്തുക. അതിൻ്റെ മുകളിൽ റൈസിന്റെ പകുതി നിരത്തുക.

ഇതിൻറെ മുകളിലേക്ക് അല്പം നെയ്യും ചൂടു പാലിൽ മഞ്ഞൾ ചേർത്തു ഇളക്കിയത് രണ്ട് സ്പൂണും ഒഴിച്ച് കൊടുക്കുക. വേണമെങ്കിൽ അല്പം ബിരിയാണി എസൻസോ പൈനാപ്പിൾ എസൻസോ ചേർത്ത് കൊടുക്കാവുന്നതാണ്. വീണ്ടും ഇതേ രീതിയിൽ ബാക്കിയുള്ള ചിക്കൻ , വറുത്തു വച്ച ബാക്കിയുള്ള റൈസ് ഇത്രയും നിരത്തുക. വീണ്ടും നെയ്യ് , മഞ്ഞൾ ചേർത്ത 2 ടീസ്പൂൺ പാൽ എന്നിവ തളിച്ച് കുറഞ്ഞ തീയിൽ അഞ്ചു മിനിറ്റ് വെക്കുക. അതിനുശേഷം അരമണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം കുക്കറിന്റെ അടപ്പ് തുറക്കുക.

സ്വാദിഷ്ടമായ ചിക്കൻ ദം ബിരിയാണി തയ്യാറായി. എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ.

✍തയ്യാറാക്കിയത്: റീന നൈനാൻ വാകത്താനം
(മാജിക്കൽ ഫ്ലേവേഴ്സ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments