കറിവേപ്പില പതിവായി കഴിക്കുന്നത് പ്രമേഹവും അനുബന്ധ സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് കറിവേപ്പില ഫലപ്രദമാണ്. കൂടാതെ, അവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ഹെല്‍ത്ത്‌ലൈന്‍ പറയുന്നതനുസരിച്ച് 100 ഗ്രാം കറിവേപ്പില ഏകദേശം 108 കലോറി ഊര്‍ജ്ജം നല്‍കുന്നു. അവയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മറ്റ് ധാതുക്കള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയ വിറ്റാമിനുകളും കറിവേപ്പിലയിലുണ്ട്. കറിവേപ്പില ശക്തമായ ആന്റിഓക്‌സിഡന്റുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് നമ്മെ ആരോഗ്യമുള്ളതാക്കുകയും നാഡീവ്യൂഹം, ഹൃദയാരോഗ്യം, വൃക്കകള്‍ മുതലായവയെ ബാധിച്ചേക്കാവുന്ന നിരവധി രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും നമ്മെ സംരക്ഷിക്കാന്‍ അവയ്ക്ക് കഴിവുണ്ട്.
കറിവേപ്പിലയ്ക്ക് ആന്റി മ്യൂട്ടജെനിക് ശേഷിയുണ്ട്. അതായത് വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ അവയ്ക്ക് കഴിയും. മാത്രമല്ല, കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകള്‍ കാന്‍സര്‍ വിരുദ്ധ ഏജന്റായി പ്രവര്‍ത്തിക്കുകയും സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനും ഫലപ്രദമാണ്. കറിവേപ്പില വന്‍കുടലിലെ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കറിവേപ്പില കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവും ട്രൈഗ്ലിസറൈഡുകളുടെ അളവും കുറയ്ക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും.