വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. കാറിന്റെ നിർമാണം യു.എസിലാണ് നടത്തുന്നതെങ്കിൽ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു. യു.എസിൽ വാഹന നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ തീരുവ ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും. കാർ ഭാഗങ്ങൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ മെയ് മാസം മുതലാകും പ്രാബല്യത്തിൽ വരുന്നത്. ഇതോടെ കാറുകളുടെ വില ഉയർത്താൻ യു.എസിലെ കമ്പനികൾ നിർബന്ധിതരാവും.
വില വർധനവ് വിൽപനയിൽ ഇടിവുണ്ടാക്കുമോയെന്നാണ് കമ്പനികളുടെ ആശങ്ക.എന്നാൽ തീരുവ നയം നടപ്പിലാക്കുന്നതിലൂടെ കാര്‍ വിപണയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും യു.എസിലെ തൊഴില്‍ സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാക്കുമെന്നുമാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്.
2024-ല്‍ മാത്രം യു.എസിലേക്ക് ഏകദേശം 80 ലക്ഷം കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 244 ബില്യൺ ഡോളറിന്റെ വാഹനങ്ങളാണ് 2024ൽ ഇറക്കുമതി ചെയ്തത്. പുതിയ തീരുവ പ്രഖ്യാപനം യു.എസിലേക്കുള്ള കാര്‍ ഇറക്കുമതിയില്‍ മുൻ പന്തിയിലുള്ള മെക്‌സിക്കോയ്ക്കും ദക്ഷിണ കൊറിയ, ജപാന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങൾക്ക് തിരിച്ചടിയായേക്കും.