മലയാള ചലച്ചിത്രലോകത്തെ നർമ്മത്തിന്റെ പെൺമുഖമായിരുന്നു കല്പന എന്ന കല്പന രഞ്ജിനി. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ നായികാപദം അലങ്കരിക്കാനുള്ള അവസരം ലഭിച്ചുള്ളുവെങ്കിലും ആസ്വാദകമനസ്സുകളിൽ കല്പന എന്ന നടിയുടെ സ്ഥാനം പലപ്പോഴും നായികമാർക്കും മുകളിലാവും. സുകുമാരിയമ്മയുടെയും കെ പി എ സി ലളിതച്ചേച്ചിയുടെയും പിന്മുറക്കാരിയായി എത്തിയ കല്പന തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ടും ഏച്ചുകെട്ടില്ലാത്ത ഭാവപ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരുടെ മനം കവർന്നു.
ഒരു നാടകകുടുംബത്തിലായിരുന്നു കല്പന ജനിച്ചത്. നാടകപ്രവർത്തകരായിരുന്ന ചവറ വി. പി നായരുടേയും വിജയലക്ഷ്മിയുടെയും മകളായി 1965 ഒക്ടോബർ 5 നായിരുന്നു കല്പനയുടെ ജനനം. പ്രശസ്ത നടിമാരായ ഉർവശിയും കലാരഞ്ജിനിയും കല്പനയുടെ സഹോദരിമാരാണ്. 1977 ൽ പുറത്തിറങ്ങിയ ‘വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കല്പനയുടെ സിനിമാ പ്രവേശനം. പിന്നീട് 1980 ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ ‘പോക്കുവെയിൽ’ എന്ന ചിത്രത്തിലൂടെയാണ് കല്പന എന്ന നടിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്. പോക്കുവെയിലിലെ കഥാപാത്രം കല്പനയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 1983 ൽ പുറത്തിറങ്ങിയ എം ടി യുടെ ‘മഞ്ഞ്’ എന്ന സിനിമയിലും കല്പന വേഷമിട്ടു.
1985 ൽ റിലീസ് ചെയ്ത ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ കല്പന തമിഴിലും അരങ്ങേറ്റം കുറിച്ചു. ഭാഗ്യരാജ് നായകനായ ആ ചിത്രത്തിലെ വേഷം അവർക്ക് തമിഴകത്തും ആരാധകരെ നേടിക്കൊടുത്തു. പിന്നീട് പമ്മൽ കെ സംബന്ധം, തിരുമതി ഒരു വെഗുമതി, സതി ലീലാവതി, ഡും ഡും ഡും എന്നീ തമിഴ് ചിത്രങ്ങളിലെ വേഷങ്ങളെല്ലാം കല്പനയ്ക്ക് ജനപ്രീതി നേടിക്കൊടുത്തു. മലയാളത്തിൽ സ്വഭാവനടിയുടെ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടിരുന്ന കല്പനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായൊരു സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. പക്ഷെ അവരിലെ ഹാസ്യനടിയെ പുറത്തുകൊണ്ടുവന്നത് ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയാണ്. അതിലെ യു ഡി സി എന്ന കഥാപാത്രമാവും ഒരുപക്ഷെ കല്പനയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്.
ഡോക്ടർ പശുപതിക്ക് ശേഷമിറങ്ങിയ ഒട്ടുമിക്ക ഹാസ്യ സിനിമകളിലും കല്പനയുമുണ്ടായിരുന്നു. ജഗതി ശ്രീകുമാറിനും ഇന്നസെന്റിനുമൊപ്പം അവർ മലയാളസിനിമയുടെ ഹാസ്യ സിംഹാസനം പങ്കിട്ടു. ഒരുപക്ഷെ മറ്റൊരു നടിക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടം! ആലിബാബയും ആറരക്കള്ളന്മാരും, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്, കാബൂളിവാല, കുടുംബകോടതി, അരമനവീടും അഞ്ഞൂറേക്കറും, ഇഞ്ചക്കടൻ മത്തായി ആൻഡ് സൺസ്, ആകാശഗംഗ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ കല്പന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ മായാതെ തെളിഞ്ഞുനിൽക്കുന്നുണ്ട്.
കല്പന അതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തങ്ങളായിരുന്നു പി എൻ മേനോന്റെ ‘നേർക്കുനേരെ’ എന്ന ചിത്രത്തിലെ വേഷവും കേരള കഫേയിലെ വേഷവും. അവരുടെ അഭിനയമികവ് വിളിച്ചോതുന്നതാണ് ഈ രണ്ട് വേഷങ്ങളും. രഞ്ജിത്തിന്റെ സ്പിരിറ്റ്, ഇന്ത്യൻ റുപ്പീ എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. 2013 ൽ ‘തനിച്ചല്ല ഞാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അവർക്ക് ഏറ്റവും മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു. 2016 ജനുവരി 25 ന് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം അവരെ കവർന്നെടുത്തപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത ഒരു അഭിനേത്രിയെയാണ്. ചാർലിയാണ് കല്പനയുടെ അവസാന ചിത്രം.
സിനിമയ്ക്ക് അകത്തും പുറത്തും മുഖംമൂടികളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു കല്പന. തന്റെ അപാരമായ നർമ്മബോധത്തിലൂടെയും നിഷ്കളങ്കമായ അഭിനയശൈലിയിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത കല്പനയ്ക്ക് പകരം വയ്ക്കാൻ ഇന്നും മലയാളസിനിമയിലാരുമില്ല. കല്പനയ്ക്ക് പകരം കല്പന മാത്രം! ചിരിയുടെ നക്ഷത്രത്തിളക്കത്തിനു പ്രണാമം 🙏🏻