ലെബനനിലെ ഹമാസിന്റെ ഓപ്പറേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് ഷഹീന്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്രോണ്‍ ആക്രമണം.
ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരേ ഇറാന്റെ പിന്തുണയോടെ ഭീകരാക്രമണം നടത്താന്‍ ഷഹീന്‍ അടുത്തിടെ ആസൂത്രണം ചെയ്തിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഒരു കാര്‍ കത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു. ലെബനന്‍ സൈനിക ചെക്ക്‌പോസ്റ്റിനും സിഡോണിലെ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിനും സമീപത്തായാണ് ആക്രമണം നടന്നത്.
ജനുവരി അവസാനമായിരുന്നു ലെബനനിൽ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള സമയപരിധി. എന്നാല്‍ ഇസ്രയേലിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഫെബ്രുവരി 18 വരെ അത് ലെബനന്‍ നീട്ടി നല്‍കി. അതേസമയം, ചൊവ്വാഴ്ചയോടെ ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും ലെബനനിന്റെ തെക്ക്, കിഴക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. മിസൈലുകള്‍, യുദ്ധ ഉപകരണങ്ങള്‍ എന്നിവയുള്ള സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ഇസ്രയേലും ലെബനനും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.