Thursday, November 21, 2024
Homeഅമേരിക്കനൈന പ്രെസിഡന്റിന് കേരള സെന്ററിന്റെ ഈ വർഷത്തെ നഴ്സിംഗ് ലീഡര്ഷിപ് അവാർഡ്

നൈന പ്രെസിഡന്റിന് കേരള സെന്ററിന്റെ ഈ വർഷത്തെ നഴ്സിംഗ് ലീഡര്ഷിപ് അവാർഡ്

പോൾ ഡി. പനയ്ക്കൽ

നഴ്സിംഗ് ലീഡർഷിപ്പിനുള്ള ഈ വർഷത്തെ കേരള സെന്റർ അവാർഡ് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) പ്രെസിഡെന്റ് സുജാ തോമസിനു ലഭിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും വലിയ നഗരം മുതൽ വളരെ ചെറിയ പട്ടണങ്ങൾ വരെ എല്ലാ തരത്തിലുമുള്ള ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന ഇൻഡ്യൻ വംശക്കാരായ നഴ്സുമാരുടെ അവകാശങ്ങൾക്കും ഔദ്യോഗിക വികസനത്തിനും അഭിഭാഷണത്തിനുള്ള അന്വർത്ഥമായ പ്രകടനമായിരുന്നു ഈ അവാർഡ്. ദേശീയ തലത്തിൽ ഇന്ത്യൻ വംശജരായ നഴ്സുമാരെ ഒരു കമ്മ്യൂണിറ്റിയെന്ന നിലയിൽ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സൗഹൃദാന്തരീക്ഷം പരിപോഷിപ്പിക്കാൻ ദേശീയ നേതൃത്വത്തിലൂടെ കഴിഞ്ഞ സുജ ഉന്നതവിദ്യാഭ്യാസം വഴി നഴ്സുമാരുടെ ഔദ്യോഗിക നിലയും അതു വഴി ആരോഗ്യപരിപാലനത്തിന്റെ ഗുണ നിലവാരം ഉന്നതമാക്കുന്നതിനും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നഴ്സ് ലീഡർ അത്രേ. ഒരു നഴ്സ് എന്ന നിലയിൽ സ്വന്തം പ്രൊഫെഷനോടുള്ള കാഴ്ചപ്പാട് വർധിപ്പിക്കുന്നതിനും ഇന്ത്യൻ നഴ്സുമാരുടെ അഭിവൃദ്ധിക്കും സമൂഹത്തിന്റെ തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സ്വയം സമർപ്പിച്ചുകൊണ്ടിരിക്കുന്ന സുജ തോമസിനു ലഭിച്ച കേരള സെന്റർ അവാർഡ് തികച്ചും യുക്തം.

വിദേശത്തു പഠിച്ച നഴ്സുമാരുടെ വിദ്യാഭ്യാസം അവലോകനം ചെയ്ത് അംഗീകരിക്കുന്ന സി ജി എഫ് എൻ എസിന്റെ അലയൻസ് ഫോർ എത്തിക്കൽ ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗം കൂടിയാണ് സുജ തോമസ്. ഈ നിലയിൽ സുജ നഴ്സിങ്ങിലും അനുബന്ധ പ്രൊഫഷനലുകളിലുമുള്ള പന്ത്രണ്ടു പ്രഗത്ഭരായ പ്രൊഫെഷണൽമാരോടൊപ്പം ഉത്തരവാദിത്വപൂർണ്ണവും സുതാര്യവുമായ വിധം വിദേശത്തുനിന്ന് അമേരിക്കയിലേക്കുള്ള നിയമന സംവിധാനം രൂപപ്പെടുത്തുന്നതിന് ഉത്തരവാദിയാണ്. ഗവേഷണത്തിലധിഷ്ഠിതമായ അറിവു വഴി വിദേശത്തു നിന്ന് അമേരിക്കയിൽ എത്താൻ ശ്രമിക്കുന്ന പതിനായിരക്കണക്കിനു നഴ്‌സുമാർക്കും ബന്ധപ്പെട്ട പ്രൊഫഷനലുകൾക്കും ഉപാകാരപ്രദവും അമേരിക്കയുടെ ആരോഗ്യപരിപാലനരംഗത്തിനു ഗുണകരവുമായ വികസനങ്ങൾ വരുത്തുന്നതിന് സി ജി എഫ് എൻ എസിനെ സജ്ജമാക്കുകയാണ് ഗവർണേഴ്‌സ് ബോർഡിലൂടെ സുജ തോമസ്. നൈനയുടെ പ്രസിഡന്റ് സാരഥ്യത്തിൽ കഴിഞ്ഞ വർഷവും ഈ വർഷവും ദേശീയ തലത്തിൽ ഷിക്കാഗോയിലും ന്യൂ യോർക്ക് ആൾബനിയിലും വിജയകരമായി സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് കമല ഹാരിസ്, സർജൻ ജനറൽ വിവേക് മൂർത്തി, ന്യൂ യോർക്ക് ഗവർണർ കാത്തി ഹോകുൾ എന്നിവരുടെ പ്രതിപത്തിയും ആശംസകളും നേടാൻ ഈ സമ്മേളനങ്ങളുടെ നേതൃത്വത്തിലൂടെ സുജയ്ക്കു കഴിഞ്ഞു.

ആൾബനിയിലെ സാമുവേൽ സ്ട്രാട്ടൻ വി എ മെഡിക്കൽ സെന്ററിൽ ക്ലിനിക്കൽ ലീഡ്/അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിക്കുന്ന സുജ മംഗളൂരിലെ ഫാ. മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് ബിരുദം നേടി. ന്യൂ യോർക്ക് ട്രോയ് റസ്സൽ സേജ് കോളേജിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദവും അഡൾട് ജെറോന്റോളോജി പ്രൈമറി കെയർ നഴ്സ് പ്രാക്ടീഷണർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മിന്നെസോട്ട മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി വഴി വൂണ്ട്, ഓസ്റ്റമി, കോണ്ടിനെൻസ് നേഴ്സ് ആയി അമേരിക്കൻ നാഷണൽ ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ സർട്ടിഫിക്കറ്റും സുജ തന്റെ ബിരുദങ്ങളിൽ ചേർത്തു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുകേഷനിൽ അസിസ്റ്റന്റ് ലെക്ച്ചറർ ആയി പഠിപ്പിച്ച സുജ ഇപ്പോൾ അവിടെയും ആൾബനിയിലെ മരിയ കോളേജിലും ആഡ്ജംക്ട് ഫാക്കൽറ്റിയായി തുടരുന്നു. ഇപ്പോൾ പി എച് ഡി ബിരുദത്തിനുള്ള തയ്യാറെടുപ്പിന്റെ മധ്യത്തിലാണ്. കമ്മ്യൂണിറ്റി സേവനത്തെയും വിശിഷ്ടമായ അക്കാദമിക് പ്രകടനത്തെയും വിലമതിച്ചുകൊണ്ട് യൂണിവേഴ്സിറ്റി അറ്റ് ബഫലോ സുജയ്ക്ക് 2024-25 അക്കാദമിക് വർഷത്തെ ആർതർ അൽഫോൻസോ ഷോംബർഗ് ഫെല്ലോഷിപ്പ് നൽകി ബഹുമാനിക്കുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഡ്ജംക്ട് ഫാക്കൽറ്റിയായി നഴ്സിംഗ് വിദ്യാർഥികൾക്ക് ശിക്ഷണം നല്കുമ്പോളും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും മെച്ചപ്പെട്ട ഫലമുണ്ടാക്കുന്ന നഴ്സിംഗ് ഇടപെടലുകളാണ് സുജ മുന്നിൽ കാണുന്നത്.

ദി നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക ഈ രാജ്യത്തെ പന്തീരായിരം മുതൽ പതിനയ്യായിരം വരെ വരുന്ന ഇന്ത്യൻ നഴ്സുമാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഏക ദേശീയ സംഘടനയാണ്. അതിന്റെ ദർശനമാകട്ടെ ഇൻഡ്യൻ നഴ്സുമാരുടെ മഹത്തരമായൊരു കമ്മ്യൂണിറ്റിയെ സൃഷ്ടിക്കുകയെന്നതും. സംഘടനയുടെ അംഗത്വം വഴി അതിലെ ഓരോ വ്യക്തിക്കും പലവിധ പ്രയോജനങ്ങളാണ് ലഭ്യമാകുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നൈനയുടെ ചാപ്റ്ററുകൾ സജീവമാണ്. അതാതു സംസ്ഥാനത്തെ അല്ലെങ്കിൽ റീജിയണിലെ ചാപ്റ്ററിൽ ചേരുന്നതും കഴിവും സമയവുമനുസരിച് പ്രവർത്തിക്കുന്നതും വ്യക്തിപരമായ പ്രൊഫെഷണൽ അഭിമാനം നൽകുക മാത്രമല്ല ആരോഗ്യപരിപാലന രംഗത്ത് നഴ്സിങ്ങിന്റെ സ്വാധീനത്തെ വർധിപ്പിക്കുന്നതിനും സഹായിക്കും. എല്ലാ ഇന്ത്യൻ നഴ്സുമാരും നൈനയുടെ അംഗങ്ങളാകാൻ സുജ ആഹ്വാനം ചെയ്യുന്നു. മുപ്പത്തിരണ്ടു വർഷക്കാലത്തെ നഴ്സിംഗ് പ്രാക്ടീസ്. വേദനയും വിഷമവുമായി ചികിത്സതേടിവന്ന് ഒരു നേഴ്സ് എന്ന നിലയിൽ അനുകമ്പയോടെ സ്പര്ശനം ലഭിച്ച് ആശ്വാസം നേടിയ രോഗികൾ എത്രയെന്ന് ഊഹിക്കാൻ വിഷമം. അവരുടെ ആശ്വാസത്തിന്റെ നിശ്വാസം, വേദനയിൽ നിന്നുള്ള മുക്തി, രോഗമുക്തി നേടി ഡിസ്ചാർജ് ചെയ്തു വിട പറയുമ്പോളുള്ള നന്ദി പ്രകടനം, അവരുടെ പ്രിയപ്പെട്ടവരുടെ സന്തോഷം, അവരുടെ തൃപ്തിക്കു സംഭാവന ചെയ്തതിന്റെ ആല്മസംതൃപ്തി – നഴ്സിംഗ് എന്നത് ഒരു ജോലിയെക്കാൾ ഒരു നിയോഗമാണ്. കുഞ്ഞെന്നോ വലുതെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, നിറത്തിന്റെയോ വർഗ്ഗത്തിന്റെയോ ഭാഷയുടെയോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും അനുകമ്പയോടെ, നിരുപാധികം സഹായിക്കാൻ തൊഴിലിനോടൊപ്പമുള്ള ഒരു നിയോഗം – സുജ പറയുന്നു. നഴ്സിംഗ് ലീഡർഷിപ്പ് അവാർഡിനോടൊപ്പം സുജയ്ക്കു സെനറ്റർ കെവിൻ തോമസിൽനിന്നും ടൌൺ ഓഫ് ഹെമ്പ്സ്റ്റഡിൽ നിന്നും ന്യൂ യോർക്ക് അസ്സെംബ്ലി വുമൻ മിഷേൽ സോളജിസിൽ നിന്നും പ്രൊക്ലമേഷനുകളും ലഭിച്ചു.

പോൾ ഡി. പനയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments