സ്റ്റാഫോർഡ്: ന്യൂ ജേഴ്‌സിയിൽ 2025 ഒക്ടോബർ 9 10 11 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സമ്പൂർണ പിന്തുണയേകി സമ്മേളനത്തിന്റെ വിജയത്തിലേക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഹ്യൂസ്റ്റൺ ചാപ്റ്റർ യോഗം തീരുമാനിച്ചു.
മാർച്ച് 22 നു സ്റ്റാഫോർഡിലെ ‘നേർകാഴ്ച’ ഹാളിൽ കൂടിയ ചാപ്റ്റർ മീറ്റിങ്ങിലാണ് തീരുമാനം. ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വാളച്ചേരിൽ അധ്യക്ഷനായിരുന്നു. ജോയിൻറ് സെക്രട്ടറി സജി പുല്ലാട് സ്വാഗതമാശംസിച്ചു. ഹൂസ്റ്റൻ ചാപ്റ്ററിലേക്കു വന്ന പുതിയ അംഗങ്ങളായ ഡോ രഞ്ജിത് പിള്ള (24 ന്യൂസ് ബ്യുറോ ചീഫ് ഹ്യൂസ്റ്റൺ) മിഖായേൽ (24 ന്യൂസ് ) ആൻസി സാമുവൽ (കൈരളി ടി വി) എന്നിവരെ പ്രസിഡണ്ട് സൈമൺ വാളച്ചേരിൽ സ്വാഗതം ചെയ്തു. ഇതോടെ ഹ്യൂസ്റ്റൻ ചാപ്റ്ററിൽ അച്ചടി, ദൃശ്യ മാധ്യമരംഗത്തെ പ്രവർത്തിക്കുന്ന അംഗങ്ങളുടെ എണ്ണം ഇരുപത്തിഒന്നായതായി സൈമൺ പ്രസ്താവിച്ചു.
തുടർന്ന് ന്യൂ ജേഴ്‌സിയിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസിനെക്കുറിച്ചു നാഷണൽ വൈസ് പ്രസിഡണ്ട് അനിൽ ആറന്മുള വിശദീകരിച്ചു. എല്ലാ പ്രാവശ്യത്തെയും പോലെ ഹ്യൂസ്റ്റനിൽ നിന്നും കഴിയുന്നത്ര അംഗങ്ങൾ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കേരളത്തിൽ നടന്ന മാധ്യമ അവാര്ഡുകളെക്കുറിച്ചു അംഗങ്ങളുടെ ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി നൽകി.
കോൺഫ്രൻസിനു ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നു പ്രസിഡണ്ട് സൈമൺ വാളച്ചേരിൽ ഉറപ്പുനൽകി. ചാപ്റ്ററിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ പ്രസിഡണ്ട് വിശദീകരിച്ചു. തുടർന്ന് സാമ്പത്തിക വിവരങ്ങൾ ട്രെഷറർ അജു ജോൺ നൽകി.
മുൻ പ്രസിഡെന്റ് മാരായ ജോയ് തുമ്പമൺ, ജോർജ് തെക്കേമല, വൈസ് പ്രസിഡണ്ട് ജീമോൻ റാന്നി , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോൺ വർഗീസ്, ഫിന്നി രാജു, ജോർജ് പോൾ, രാജേഷ് വർഗീസ്, റെയ്‌ന സുനിൽ എന്നിവർ മീറ്ററിംഗിൽ പങ്കെടുത്തു.