Tuesday, October 22, 2024
Homeഅമേരിക്കഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷം ശ്രദ്ധേയമായി.

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷം ശ്രദ്ധേയമായി.

റിപ്പോർട്ടർ, രവി കൊമ്മേരി. യുഎഇ .

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച ഓണാഘോഷത്തിൽ കാൽ ലക്ഷത്തോളം പേർ പങ്കാളികളായി. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറിയ ഓണാഘോഷം യുഎഇയിലെ മികച്ച ഓണാഘോഷ പരിപാടികളിൽ ഒന്നായി മാറി. യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ എപ്പോഴും മുൻപന്തിയിലാണെന്നും, ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ട് 2024-ലെ ഓണം വളരെയധികം പ്രൗഢിയോടും ഭംഗിയോടും കൂടി ആഘോഷിക്കാൻ ഐഎഎസ് മാനേജിംഗ് കമ്മിറ്റിക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഷാർജ എക്‌സ്‌പോ സെൻ്ററിൽ രാവിലെ 9:30-ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങോടെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സന്തോഷ് കുമാർ ശിവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാർജ എമിറേറ്റിന്റെ ഗവൺമെൻറ് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഷെയ്ക്ക് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രകാശ് സ്വാഗതവും, ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. മന്ത്രിമാരായ എം ബി. രാജേഷ്, പി പ്രസാദ്, പാലക്കാട് ലോകസഭാംഗം വി കെ ശ്രീകണ്ഠൻ, പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രവാസ ലോകത്ത് 50 വർഷം പിന്നിട്ട പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനുമായ എം എ യൂസഫലിയെ ചടങ്ങിൽ ആദരിച്ചു. സേവനരംഗത്ത് 45 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ അസോസിയേഷൻ ഷാർജ, “ഐഎഎസ് ഓണം @45” എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഷെയ്ക്ക് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി എം എ യൂസഫലിക്കുള്ള ഉപഹാരം സമർപ്പിച്ചു.

ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ്, കേരളത്തിൻ്റെ സമ്പന്നമായ നിരവധി കലാരൂപങ്ങൾ എന്നിവ പ്രദർശിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാംസ്കാരിക ഘോഷയാത്ര ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അൽ ഇബ്തിസാമ സ്പെഷ്യൽ നീഡ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് സാംസ്കാരിക പരിപാടികൾ ആരംഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളിലെ അസോസിയേഷനുകളിൽ നിന്നുള്ളവർ പങ്കെടുത്ത പൂക്കള മത്സരവും ഉണ്ടായിരുന്നു. പ്രമുഖ സാംസ്കാരിക സംഘടനയായ മാസ് ആണ് പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഒന്റാറിയോ, എമിറേറ്റ്സ് മലയാളി അസോസിയേഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . വൈവിധ്യമാർന്ന ഉൽപന്നങ്ങളും അനുഭവങ്ങളും വാഗ്ദാനം ചെയ്ത് ഓണത്തിൻ്റെ ചടുലത കൂട്ടാൻ നിരവധി സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. പ്രശസ്ത ബാൻഡായ ‘ചെമ്മീൻ’ അവതരിപ്പിച്ച സംഗീത വിരുന്ന് കാണികൾക്ക് ആവേശമായി. വിവിധ സംഘടനകളുടെ നൃത്ത പരിപാടികളും, മറ്റു കാലാവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി .

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments