ന്യൂയോർക്ക്: 1983-ൽ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ വർഷം മുതൽ, വടക്കേ അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ ഔദ്യോഗിക ലോഗോ തട്ടിയെടുക്കാനുള്ള അപര ഗ്രൂപ്പിന്റെ ശ്രമം പാഴായി. ലോഗോയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് 2008-ല്‍ മെരിലാന്റിൽ രജിസ്റ്റർ ചെയ്ത, ഔദ്യോഗിക ഭാരവാഹികളോ, ഭരണഘടനയോ ഇല്ലാത്ത ഫൊക്കാനയുടെ പേരിനോട് സമാനതയുള്ള ഒരു സംഘടന നൽകിയ ഹർജിയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ് മാർക്ക് ഓഫീസ് തള്ളിക്കളഞ്ഞത്. എന്നാൽ, യഥാർത്ഥ ഫൊക്കാന തങ്ങളുടേതാണെന്ന വിചിത്ര വാദവുമായി കേരളത്തിലെയും, വടക്കേ അമേരിക്കയിലെയും മലയാളികളെയും സംഘടനകളേയും ആശയക്കുഴപ്പത്തിലാക്കികൊണ്ടു പ്രവർത്തിക്കുന്ന വ്യാജ സംഘടനയുടെ ഭാരവാഹികൾ ജാള്യത മറച്ചു വെയ്ക്കാനായി ഒരു പുതിയ ലോഗോയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇന്ത്യൻ ദേശീയതയുടെ മുഖമുദ്രയായ അശോക ചക്രത്തോട് സമാനത തോന്നിക്കുന്ന ചിഹ്നങ്ങളും, യഥാർത്ഥ ഫൊക്കാന ലോഗോയുടെ ഭൂരിഭാഗം മുദ്രകളും അടയാളങ്ങളും വ്യാജവും നിയമവിരുദ്ധവുമായി ചേർത്ത് പ്രസിദ്ധപ്പെടുത്തിയ തട്ടിക്കൂട്ട് ലോഗോ
കൂടുതൽ സങ്കീർണമായ നിയമ പ്രശ്‌നങ്ങൾക്ക് വഴി തെളിയിക്കുമെന്ന് ഫെഡറേഷന്റെ നിയമ വിഭാഗം അഭിപ്രായപ്പെട്ടു.
ട്രേഡ് മാർക്ക് നിയമപ്രകാരം 35 U.S.Code § 271- പേറ്റന്റ് ലംഘനം അനുസരിച്ചു, അമേരിക്കയിലെ പേറ്റന്റ് ഉടമയുടെ സമ്മതമില്ലാതെ, പേറ്റന്റ് കിട്ടിയ കണ്ടുപിടിത്തം ഉപയോഗിക്കുക, നിർമ്മിക്കുക, വിൽപ്പനയ്ക്ക് വയ്ക്കുക, അല്ലെങ്കിൽ വിൽക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിലക്കുന്നു, 15 U.S.Code § 1114 (ലാൻഹാം നിയമത്തിലെ സെക്ഷൻ 32) പ്രകാരം, രജിസ്റ്റർ ചെയ്‌ത ട്രേഡ്‌മാർക്ക് പകർന്നെടുക്കൽ, അനുകരണം, അല്ലെങ്കിൽ ഉപയോഗം മുതലായവ ഉപഭോക്താക്കളിലോ പൊതുജനങ്ങളിലോ കുഴപ്പമോ ഭ്രമം സൃഷ്ടിക്കാനോ സാധ്യതയുള്ളതുകൊണ്ടു ഈ നിയമം അതിനെ വിലക്കുന്നു. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
സണ്ണി മറ്റമന പ്രസിഡന്റായിട്ടുള്ള ഫൊക്കാന ഇൻറർനാഷണൽ ആണ് യഥാർത്ഥ സംഘടന എന്ന് ബോധ്യപ്പെടുത്തുന്നതാണ് കോടതി വിധി. ഫെഡറേഷന്റെ ലോഗോ നിയമവിരുദ്ധമായി പലരും ഉപയോഗിക്കുന്നതായി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
എബ്രഹാം ഈപ്പൻ (ജനറൽ സെക്രട്ടറി), എബ്രഹാം കളത്തിൽ (ട്രഷറര്‍), ഡോ. ജേക്കബ് ഈപ്പൻ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാജി ആലപ്പാട്ട് (വൈസ് പ്രസിഡന്റ്), റോബർട്ട് അരീച്ചിറ (അസോസിയേറ്റ് സെക്രട്ടറി), തോമസ് എം ജോർജ് (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി), ഷാജി ജോൺ (അസോസിയേറ്റ് ട്രഷറര്‍), സഞ്ജീവ് എബ്രഹാം (അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍), ജോസഫ് കുരിയപ്പുറം (ട്രസ്റ്റി ബോർഡ് ചെയർമാൻ), ഡോ. നീന ഈപ്പൻ (വനിതാ ഫോറം ചെയർ), ഇന്റർനാഷണൽ കോഓര്‍ഡിനേറ്റര്‍മാരായ ഡോ. കല ഷഹി, റെജി കുര്യൻ എന്നിവർ FOKANA Inc ഗ്രൂപ്പിന്റെ ഈ കുത്സിത പ്രവർത്തിയെ അപലപിച്ചു.
യഥാർത്ഥ ഫൊക്കാനയുടെ അപര സംഘടനകൾ പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ളത് ഫൊക്കാന നേതാക്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 1983-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടിയില്‍ രജിസ്റ്റർ ചെയ്ത ഫൊക്കാനയാണ് കാലാനുസൃതമായി, പല നേതൃത്വങ്ങൾ കൈമാറി, ഇപ്പോൾ സണ്ണി മറ്റമനയുടെ നേതൃത്വത്തിൽ വളരെ ഭംഗിയോടുകൂടി വിവിധയിന പദ്ധതികളുമായി മുന്നോട്ടു പോകുന്നത്.
ഫൊക്കാന എന്ന പ്രസ്ഥാനം അമേരിക്കൻ ഐക്യനാടുകളിൽ മാത്രമൊതുങ്ങാതെ, അതിന്റെ പ്രവര്‍ത്തന മേഖല അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ നേത്യത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ചില തല്പര കക്ഷികള്‍ വ്യക്തിതാല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് 2024-ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും, 2008-ല്‍ മെരിലാന്റില്‍ രജിസ്റ്റർ ചെയ്ത ‘FOKANA INC.’ എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കള്‍ യഥാർത്ഥ ഫൊക്കാനയുടെ ഫണ്ടും, അതിന്റെ വിലപ്പെട്ട രേഖകളും അപഹരിക്കുകയും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഔദ്യോഗിക ലോഗോ കൈവശപ്പെടുത്താനും ശ്രമിക്കുകയും ചെയ്തു. എന്നാല്‍, കോടതി വിധി അവര്‍ക്ക് (FOKANA INC.) പ്രതികൂലമായി ബാധിച്ചു.
FOKANA Inc രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തികളിലൊരാള്‍ മോണ്ട്ഗോമെരി കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ 2021 ഏപ്രില്‍ 30ന് സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍, ‘FOKANA Inc’ 2008 സെപ്തംബര്‍ 3ന് മെരിലാന്‍റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക 1983-ല്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടിയില്‍ സ്ഥാപിതമായിട്ടുള്ളതാണെന്നും, ഈ സംഘടനയുമായി ഫൊക്കാന ഇന്‍കിന് യാതൊരു ബന്ധവുമില്ലെന്നും, ഫൊക്കാന ഇന്‍കിന് അവരുടേതായ ഭരണഘടനയില്ലെന്നും, ഫൊക്കാന ഇന്‍കിന് രണ്ട് ഓഫീസര്‍മാര്‍ മാത്രമേ ഉള്ളൂ എന്നും, അതിലൊരാള്‍ റസിഡന്‍റ് ഏജന്‍റാണെന്നും, ഫൊക്കാന ഇന്‍കും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയും രണ്ട് വ്യത്യസ്ഥ സംഘടനകളാണെന്നും, ഈ രണ്ട് സംഘടനകള്‍ തമ്മില്‍ യാതൊരുവിധ പ്രവര്‍ത്തന ഏകോപനമില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയും ഫൊക്കാന ഇന്‍കും തുടക്കം മുതല്‍ തന്നെ ഒരു സംഘടനയായി പ്രവര്‍ത്തിക്കുകയോ ഇടപെടുകയോ ചേരുകയോ ഒരുമിച്ച് പിന്തുടരുകയോ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.
വാസ്തവം ഇതാണെന്നിരിക്കേ, ഇപ്പോള്‍ FOKANA INC. രൂപപ്പെടുത്തിയെടുത്തിട്ടുള്ള ലോഗോയിൽ, ‘ESTD 1983’ എന്ന് ചേർത്തത് ജനങ്ങളെയും അംഗ സംഘടനകളെയും തെറ്റിദ്ധരിപ്പിക്കാന്നും, തങ്ങളാണ് ‘യഥാര്‍ത്ഥ’ ഫൊക്കാന എന്ന് വരുത്തിത്തീര്‍ക്കാനുമാണ്.
യഥാർത്ഥ ഫൊക്കാനയുടെ ലോഗോ ഉപയോഗിച്ച് അമേരിക്കയിലും കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അപകീര്‍ത്തിപരവും ദുരുദ്ദേശപരവുമാണ്. ധിക്കാരപരമായ ഈ പ്രവണത FOKANA INC. നേതാക്കള്‍ അവസാനിപ്പിച്ച് കോടതി വിധിയെ മാനിക്കണമെന്നാണ് ഫൊക്കാന ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം, നിയമപരമായ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് പത്രക്കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.