ജസ്റ്റിൻ ട്രൂഡോയുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാർക്ക് കാർണി. അടുത്തമാസം 28 നായിരിക്കും വേട്ടെടുപ്പ്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കാര്‍ണി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പാര്‍ലമെന്റ് പിരിച്ചുവിടാനും കാര്‍ണി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കാര്‍ണിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചു. ഒക്ടോബർ 20നുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കെ ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളിലാണ് മാർക്ക് കാർണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഭരണകക്ഷിക്ക് തന്നെയാണ് തെരഞ്ഞെടുപ്പിൽ മുൻതൂക്കം.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ നിശിത വിമർശകൻ കൂടിയാണ് കാർണി. ട്രംപ് കാനഡയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപിന്റെ താരിഫ് നയങ്ങള്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും കാർണി പറഞ്ഞു. യുഎസ് നീക്കത്തെ ഒന്നായി നേരിടണം. കാനഡ ഒരു യഥാര്‍ത്ഥ രാജ്യമല്ലെന്നാണ് ട്രംപിന്റെ വാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിബറൽ പാർട്ടിക്കുള്ള മുൻതൂക്കത്തിൽ ട്രംപ് വിരോധവും കൂടി കൂട്ടിച്ചേർത്ത് വോട്ടാക്കാനാണ് നീക്കം. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള ഡോണൾഡ് ട്രംപിന്‍റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധിപ്പിച്ച നടപടിയും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ലക്ഷ്യം. മാർച്ച് 14നാണ് ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കാനഡയുടെ 24മത് പ്രധാനമന്ത്രിയായി മാർക്ക് കാർണി പ്രധാനമന്ത്രിയും ലിബറൽ പാർട്ടി നേതാവുമായി തെരഞ്ഞെടുക്കപ്പെട്ടത്.
സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകൾ പ്രവർത്തിച്ച് പരിചയമുള്ള കാർണി 2003 ലാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്. പിന്നീട് രാജ്യത്തിന്റെ പണനയത്തിന്റെ മേൽനോട്ടം വഹിക്കുന്ന ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവർണറായി. അടുത്ത വർഷം ധനകാര്യത്തിൽ മുതിർന്ന അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രിയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടമായ 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ തലപ്പത്തെത്തി. 2013 മുതൽ 2020 വരെ അങ്ങനെ നിയമിക്കപ്പെട്ട ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്ത വ്യക്തിയും കാർണിയാണ്.