ന്യൂഡൽഹി : അമേരിക്കയിൽ നിന്നും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 44 ഹരിയാന സ്വദേശികളും 31 പഞ്ചാബ് സ്വദേശികളും ഉണ്ട്. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൈവിലങ്ങും ചങ്ങലും അണിയിച്ചാണോ ഇന്നും ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. എന്നാൽ ഒന്നാം ഘട്ടത്തിന് പുറമെ ഇന്നലെ രണ്ടാം ഘട്ട കുടിയേറ്റക്കാരെയും അമേരിക്കൻ സൈനിക വിമാനത്തിൽ കൈവിലങ്ങും ചങ്ങലയുമണിയിച്ചാണ് എത്തിച്ചതെന്ന് വ്യക്തമായതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ പ്രസിഡന്‍റ് ട്രംപിനോട് ഇക്കാര്യത്തിലെ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് നേതാക്കളടക്കം വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.