ന്യൂ ജഴ്‌സി: മലയാളിയായ പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ ജഴ്സിയിലെ ബെർഗെൻ കൗണ്ടിയിലുള്ള പരാമുസിലെ 693 ബ്രൂസ് ഡ്രൈവിൽ താമസിക്കുന്ന മെൽവിൻ തോമസാണ് തൻ്റെ പിതാവായ മാനുവൽ വി. തോമസിനെ (61) ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്.
മെൽവിൻ തന്നെയാണ് വെള്ളിയാഴ്ച വൈകിട്ട് പോലീസിനെ വിളിച്ചു വരുത്തിയതെന്നു അധികൃതർ പറഞ്ഞു.
ഫെബ്രുവരി 16 വെള്ളിയാഴ്ച ഏകദേശം 5:40 PM-ന് 693 Bruce Drive, Paramus, NJ എന്ന വിലാസത്തിൽ കൊലപാതകം നടന്നതായി പാരാമസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിന് ഒരു കോൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ 61 കാരനായ മാനുവൽ വി.തോമസിനെ വീടിന്റെ ബേസ്മെന്റിൽ ഒന്നിലധികം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ആക്ടിംഗ് ചീഫ് മാത്യു ഫിങ്കിൻ്റെ നേതൃത്വത്തിലുള്ള ബെർഗൻ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസും ചീഫ് റോബർട്ട് എം. ഗൈഡെറ്റിയുടെ കീഴിലുള്ള പാരാമസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതിയായ മെൽവിൻ തോമസിനെ കസ്റ്റഡിയിൽ എടുത്തു. അവിവാഹിതനും തൊഴിൽരഹിതനുമാണ് 32 വയസ്സുള്ള മെൽവിൻ തോമസ്.
മെൽവിൻ തോമസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രിയിൽ മനുഷ്യാവശിഷ്ടങ്ങൾ അപമാനിക്കൽ, നീതി തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാകുന്നതുവരെ ബെർഗൻ കൗണ്ടി ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
ഇൻഷുറൻസ് രംഗത്തു പ്രവർത്തിച്ചിരുന്ന മാനുവലിൻ്റെ ഭാര്യ ലിസി 2021 മാർച്ചിൽ മരണപ്പെട്ടു. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളും, ഒരു മകളും ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്.