ന്യൂഡല്‍ഹി: കോൺഗ്രസ് വിപ്പുണ്ടായിട്ടും സഭയിലെത്താത്തതില്‍ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി എം.പി. അസുഖബാധിതയായ ബന്ധുവിനെ സന്ദർശിക്കാനായി വിദേശത്തായിരുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്.കോൺഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്. പാർലമെൻ്റ് സമ്മേളനത്തിൻ്റെ അവസാന രണ്ട് ദിവസം സഭയിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി പ്രിയങ്ക അറിയിച്ചിരുന്നു. ലീവിന് അപേക്ഷിക്കുമ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് സൂചന ഉണ്ടായിരുന്നില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.
ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നില്ല. എക്‌സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്.വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു’- രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചിരുന്നത്.