വാസന്തി രാവിലെ എണീറ്റു.
പതിവുപോലെ അമ്പലക്കുളത്തിൽ പോയി കുളിച്ചു.ശ്രീകൃഷ്ണനെ തൊഴുതു വന്നു.
സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഇന്ന് ക്രാഫ്റ്റ് ഉള്ള ദിവസമാണ്. അവൾ ടൈംടേബിൾ എടുത്തപ്പോൾ,
തയ്യൽപെട്ടിയും മറക്കാതെ എടുത്തു വച്ചു.
കാപ്പികുടിയും കഴിഞ്ഞ് പുസ്തക
സഞ്ചിയുമായി അവൾ അമ്മയോടു യാത്ര പറഞ്ഞു. പടിക്കൽ എത്തിയപ്പോൾ അവളുടെ പ്രിയകൂട്ടുകാരി രേണുക അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അവർ രണ്ടാളും കൂടിയാണ് ദിവസവും സ്കൂളിലേക്ക് പോകുന്നത്.ഇടവഴിയിലൂടെ
നടന്ന് ചെടികളോടും പൂക്കളോടും കിന്നാരം പറഞ്ഞുകൊണ്ടാണ് അവർ നടന്നു നീങ്ങുന്നത്.
ഭാരതീയമ്മ ടീച്ചറാണ് അവരുടെ ക്ലാസ്സ് ടീച്ചർ. ടീച്ചറെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ടീച്ചർ ഒരുപാട് കഥകൾ പറയും. കേട്ടിരിക്കാൻ നല്ല രസമാണ്. അതുകൊണ്ടുതന്നെ എന്നും പഠിത്തമുണ്ടാകണേ എന്നവൾ പ്രാർത്ഥിക്കും.
വീട്ടിലിരിക്കാൻ അവൾക്കിഷ്ടമല്ല. കാരണം മറ്റൊന്നുമല്ല, താൻ സ്കൂളിൽ പോയാൽ ഉടനെ അമ്മ രാവിലെതന്നെ തയ്യൽക്കടയിൽ പോകും. പിന്നെ സന്ധ്യയ്ക്കെ വരൂ.
അപ്പോൾ താൻ ഒറ്റയ്ക്ക് ഇരിയ്ക്കണം. അപ്പോൾ അവൾക്കു സങ്കടം വരും.
അവർ സ്കൂളിൽ എത്തിയപ്പോൾ എല്ലാവരും അസംബ്ലിയ്ക്കു നിന്നു കഴിഞ്ഞിരുന്നു.
ഇന്നെന്താ നേരത്തെയാണല്ലോ അസംബ്ലി. വേഗം പുസ്തകം ക്ലാസ്സിൽകൊണ്ടുചെന്നു
വച്ചിട്ട് അവർ വരിയിൽ നിന്നു. അറ്റെൻഷൻ, സ്റ്റാന്ററ്റ്ഈസ്…
എല്ലാവരും നിശ്ശബ്ദരായി. ഹെഡ്മാസ്റ്റർ മൈക്കിലൂടെ പറഞ്ഞു. എല്ലാവരും അറിയുവാൻ ഇന്നൊരു ദുഃഖ വാർത്തയുണ്ട്. നമ്മുടെ സ്കൂളിൽ 8 ബി യിൽ
പഠിക്കുന്ന കാവേരിയുടെ അച്ഛൻ ഇന്നലെ ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു.10 മണിക്ക് എല്ലാവരും ആ കുട്ടിയുടെ വീട്ടിലേക്കു പോകുന്നു. ഓരോ ക്ലാസ്സുകളും
വരിവരിയായി അച്ചടക്കത്തോടെ ഗ്രൗണ്ടിൽ നിൽക്കണം.
പിന്നെ എല്ലാം ടീച്ചർമാരുടെ മേൽനോട്ടത്തിലായിരുന്നു. എല്ലാ കുട്ടികൾക്കും കറുത്ത ഒരു കഷ്ണം തുണിയും മൊട്ടുസൂചിയും കൊടുത്തു. എല്ലാവരും അത് ഷർട്ടിൽ കുത്തിവച്ചു. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സു വരെയുള്ള സ്കൂൾ ആണ്.
സ്കൂളിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരമുണ്ട് കാവേരിയുടെ വീട്. ചെമ്മൺപാതയിലൂടെ നിശ്ശബ്ദമായി സാറും കുട്ടികളും മെല്ലെ നടന്നു നീങ്ങി.
കാവേരിയുടെ വീട് പാടത്തിന്റെ അരികിലായിരുന്നു.ആളുകൾ അവിടവിടെ കൂടിനിൽക്കുന്നുണ്ടായിരുന്നു. പലരും പലതും പറയുന്നു. പരിതപിക്കുന്നു.
കഷ്ടമായിപ്പോയി,പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ, അവർക്കിനി ആരുണ്ട്?
ആരാണ് ഒരാശ്രയം? പാവം ആ സ്ത്രീ ഇനിയെന്താ ചെയ്ക…? ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ പറഞ്ഞത് അവളുടെ കാതുകളിൽ വന്നു വീണു. ഹെഡ്മാസ്റ്റർ റീത്തു വച്ചു. തുടർന്ന് ഓരോ ക്ലാസ്സും വരിവരിയായി കാവേരിയുടെ അച്ഛനെ കണ്ടുമടങ്ങി.
വാസന്തിയുടെ ഉള്ളുലഞ്ഞു…… അവൾ, രണ്ടുവർഷം മുമ്പുനടന്ന തന്റെ അച്ഛന്റെ വേർപാട് ഓർത്തുപോയി. അവളുടെ ഹൃദയത്തിൽ വേദനയുടെ വേലിയേറ്റമുണ്ടായി. തനിക്കിപ്പോൾ അച്ഛനില്ല. അവളുടെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു.
എന്നും രാത്രിയിൽ കുടിച്ചുവന്ന് അമ്മയെയും തന്നേയും അടിക്കുകയും വഴക്കു പറയുകയും പതിവായിരുന്നു. നാലിൽ പഠിക്കുമ്പോൾ ആയിരുന്നു ആ വേർപാട്. അവൾ ഓർക്കാൻ ശ്രമിച്ചു. തനിക്ക് അറിവായപ്പോൾ മുതൽ അച്ഛന്റെ പ്രകൃതം ഇതായിരുന്നു. ഒരിക്കൽപോലും സ്നേഹത്തോടെ തന്നെ വിളിക്കുകയോ അടുത്തിരുത്തി ലാളിക്കുകയോ ചെയ്തിട്ടില്ല.
“ഈ അച്ഛന് എന്നോട് ഒരു സ്നേഹോമില്ല അല്ലേമ്മേ?”
അമ്മയോട് സങ്കടം പറയുമ്പോൾ അമ്മ പറയും.
“എന്റെ മോള് അങ്ങനെ പറയല്ലേ…. മോളോടല്ലാതെ അച്ഛന് ആരോടാണ് ഇഷ്ടം?”
“അപ്പുറത്തെ രേണുകയ്ക്ക് എന്തൊക്കെയാണ് അവളുടെ അച്ഛൻ വാങ്ങിക്കൊടുക്കുന്നത്?”
“മോൾക്കും അച്ഛനല്ലേ എല്ലാം വാങ്ങി തരുന്നത്? പിന്നെന്താ?”
അമ്മയുടെ ആശ്വാസവാക്കുകളൊന്നും അവൾക്ക് സമാധാനമേകിയില്ല. വീട്ടിലെ ബഹളം കണ്ടാൽ അവൾക്ക് ആകെ ഭയമായിരുന്നു.അമ്മയുടെ കരച്ചിലും പതം പറച്ചിലും കേട്ടു കേട്ട് അവൾ മടുത്തു.
“ഈ അച്ഛൻ എങ്ങനെയെങ്കിലും ഒന്നു ചത്താൽ മതിയായിരുന്നു.എന്നവൾ
പ്രാർത്ഥിച്ചു. ആത്മാർഥമായി ആഗ്രഹിച്ചു. എനിക്കെന്തിനാണ് ഇങ്ങനെ ഒരു അച്ഛൻ.?
അവളുടെ കൂട്ടുകാരുടെ അച്ഛന്മാർ എല്ലാവരും സ്നേഹവാന്മാരായിരുന്നു!
അവരൊക്കെ മക്കൾക്ക് എന്തും വാങ്ങി കൊടുക്കാമായിരുന്നു. തന്റെ അച്ഛന്റെ
കയ്യിൽമാത്രം ഒന്നിനും കാശില്ല. എന്തു പറഞ്ഞാലും, ചോദിച്ചാലും,
പിന്നെയാകട്ടെ, നാളെയാകട്ടെ… എന്നൊക്ക പറയും. എല്ലാവരും കുടുംബമായി ഉത്സവം കാണാൻ പോകുമ്പോഴും , താനും അമ്മയും ഒറ്റക്കാണ് പോയിരുന്നത്. അച്ഛനെ അവിടെങ്ങും കാണാറേയില്ല. അച്ഛൻ കൂട്ടുകാരുമൊത്ത് കുടിച്ച് കൂത്താടി നടക്കുകയായിരിക്കും. അവൾക്ക് ദേഷ്യം തോന്നും. തന്റെ കൂട്ടുകാരൊക്കെ പുത്തൻ ഉടുപ്പുമിട്ട് ബലൂണും,കുപ്പിവളകളും വാങ്ങി നടക്കുമ്പോൾ,താൻ മാത്രം മൂകയായി അമ്മയുടെ കയ്യിൽ പിടിച്ച് ചുറ്റും തന്റെ അച്ഛനെ തേടുകയായിരിക്കും.
അപ്പോഴും അവൾ മനസ്സിൽ പറയുമായിരുന്നു
“വേണ്ട എനിക്ക് ഇങ്ങനെ ഒരച്ഛൻ….വേണ്ട ”
…….. അന്നു രാത്രിയാണ് അതുണ്ടായത്…….
പതിവുപോലെ അന്നും അച്ഛൻ മദ്യപിച്ച് വീട്ടിലെത്തി. ഒന്നുരണ്ടു കൂട്ടുകാർ താങ്ങി പിടിച്ചു കൊണ്ടുവരികയായിരുന്നു.
“ഇന്നല്പം കൂടുതലാ… ഒരുഭാഗത്ത് കിടത്തിക്കോളൂ….” അതു പറഞ്ഞിട്ട് അവർ പോയി.
അമ്മ ആവോളം കണ്ണീർവാർത്തു. നിസ്സഹായയായ ഒരു പെണ്ണിന്റെ
മനോവേദന അന്നവൾ അമ്മയിൽ കണ്ടു.
തന്നേയും കെട്ടിപ്പിടിച്ച് അമ്മ ഒരുപാട് കരഞ്ഞു. അന്നവർ കഞ്ഞി കുടിച്ചില്ല.
എന്നും അച്ഛൻ വന്നിട്ട് അച്ഛനുംകൂടി കഞ്ഞി കൊടുത്തിട്ട് കുടിക്കാനാണ് അമ്മയ്ക്ക് ഇഷ്ടം. പക്ഷേ വല്ലപ്പോഴുമേ അങ്ങനെ അച്ഛനെ ഒന്നിച്ചു കഴിക്കാൻ കിട്ടാറുള്ളൂ.
കൂലിപ്പണിക്കാരനായ അച്ഛന്,പൈസ കൂടുതൽ കിട്ടുന്ന ദിവസം കൂടുതൽ കുടിച്ചിട്ടാണ് വരിക. എന്തു ചെയ്യും?
താനൊന്നു മയങ്ങി വരുമ്പോഴാണ് ഒരു വലിയ ശബ്ദം കേട്ടത്. ഞെട്ടി എണീറ്റപ്പോൾ
ഉരുണ്ടുപിരണ്ട് എണീറ്റ അച്ഛൻ അമ്മയെ തല്ലുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്യുന്നതാണ് കണ്ടത്. പേടിച്ചരണ്ട് താൻ ഒരു മൂലയിലേക്ക് ഒതുങ്ങിക്കൂടി.
വേച്ചു വീഴാൻ തുടങ്ങിയ അച്ഛൻ അമ്മയെ അടിക്കാൻ മുന്നോട്ടാഞ്ഞു. പക്ഷെ കയ്യെത്താൻ കഴിയാതെ വീണുപോയി. മൂക്കിടിച്ചായിരുന്നു വീണത്.
ധാരാളം ചോര വാർന്നോഴുകി. പരിഭ്രാന്തിയോടെ അമ്മ അച്ഛനെ കുലുക്കികുലുക്കി വിളിച്ചു.
പക്ഷേ അച്ഛൻ വിളികേട്ടില്ല…
……..പിന്നെ ഒരിക്കലും..!
അങ്ങനെയായിരുന്നു അച്ഛന്റെ വേർപാട്!
തന്റെ അമ്മയ്ക്ക് അച്ഛനെ വളരെയധികം ഇഷ്ടവും ജീവനുമായിരുന്നു. പക്ഷേ അച്ഛന്റെ മദ്യപാനം ഒന്നുകൊണ്ടു മാത്രമാണ് ആ ജീവിതം ഇത്രമേൽ അധ:പ്പതിച്ചതെന്ന് നാട്ടിൽ എല്ലാവരും പറയാറുണ്ട്.
ആരുമില്ലാത്ത ഒരു അവസ്ഥയായിരുന്നു പിന്നീട്. പണ്ടെന്നോ തയ്യല് പിടിച്ചതുകൊണ്ട് മാത്രം അമ്മ ഒരു തൊഴിൽ തേടിപ്പോയി.അപ്പോഴൊക്കെ അമ്മ പറയുമായിരുന്നു.
“മോളേ ക്രാഫ്റ്റ് ക്ലാസ്സിൽ ശ്രദ്ധിക്കണം…കേട്ടോ? “
പെൺകുട്ടികൾക്ക് ചെയ്യാൻപറ്റുന്ന നല്ലൊരു തൊഴിലാണ് തയ്യൽ.”എന്ന്.
അങ്ങനെയാണ് അമ്മ തന്നെ വളർത്തിയത്.
അച്ഛൻ നഷ്ടപ്പെട്ടവരുടെ വേദന കാണുമ്പോൾ ഇപ്പോൾ തനിക്ക് സഹിക്കാൻ ആവുന്നില്ല. താൻ എത്രമാത്രം ആശിച്ചിരുന്നു ഒരിക്കൽ തന്റെ അച്ഛനൊന്നു മരിച്ചു കിട്ടാൻ!
പക്ഷേ അതൊക്കെ തന്റെ അജ്ഞതയാണ് എന്നിപ്പോൾ മനസ്സിലായില്ലേ?
കാവേരിയുടെ അനുജനും അമ്മയും എന്തൊരു കരച്ചിലാണ്.
“ഇനി ആരാണച്ഛാ എനിക്കെല്ലാം വാങ്ങിത്തരുന്നത്?”
എന്ന് പറഞ്ഞ് കാവേരിയുടെ അനിയൻ വാവിട്ട് കരയുന്നത് കണ്ടപ്പോൾ ആർക്കും സഹിക്കാനായില്ല.
ശരിയല്ലേ അച്ഛനില്ലെങ്കിൽ പിന്നേ ആരാണ് മക്കൾക്ക് ഒക്കെയും വാങ്ങിക്കോടുക്കുന്നത്?
അവൾ കുറ്റബോധത്തോടെ നിലത്ത് കുത്തിയിരുന്ന് തേങ്ങി തേങ്ങി കരഞ്ഞു.
ഭാരതീയമ്മടീച്ചറും കുറച്ചു കൂട്ടുകാരും കൂടി അവളെ പിടിച്ചെണീപ്പിച്ചു.
“പാവം കുട്ടി! അവൾക്കും അച്ഛൻ നഷ്ടപ്പെട്ട വേദന ഉണ്ടായിക്കാണും.’ബാ മോളേ,
നിന്നെ വീട്ടിൽ കൊണ്ടുചെന്നാക്കാം….”
ടീച്ചർ മുൻപേ നടന്നു.രേണുക അവളെ പിടിച്ചു കൊണ്ട് പിന്നാലെ നടന്നു.
അപ്പോഴും കുറ്റബോധം കൊണ്ട് അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു!!
നല്ലെഴുത്ത്