പടന്ന : ആളൊഴിഞ്ഞ വീട്ടുപറമ്പിൽനിന്ന് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയത് 23 മദ്യക്കുപ്പികൾ. പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് മൈമാ പരിസരത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം.തൊഴിലുറപ്പിനെത്തിയ തൊഴിലാളികൾ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ പണി തുടങ്ങിയതേയുള്ളൂ. കാട് വൃത്തിയാക്കുന്നതിനിടയിൽ മൂന്ന് സഞ്ചികൾ തൊഴിലാളികളുടെ കണ്ണിൽപ്പെട്ടു.
സഞ്ചിയിൽ നിറയെ മദ്യക്കുപ്പികളായിരുന്നു.പകുതി മദ്യമുള്ള 18 കുപ്പികൾ, പൊട്ടിക്കാത്ത നാല്, രണ്ട് ലിറ്ററിന്റെ ഒന്ന്, എന്നിങ്ങനെ 23 മദ്യക്കുപ്പികളാണ് തൊഴിലാളികൾ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ച് ചന്തേര പോലീസും സ്ഥലത്തെത്തി. പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മുഴുവൻ മദ്യക്കുപ്പികളിലെയും മദ്യം തൊഴിലാളികൾ ഒഴുക്കിക്കളഞ്ഞു.
രാത്രിയിൽ മറ്റ് പ്രദേശങ്ങളിൽനിന്ന് കാറുകളിലും ബൈക്കുകളിലും ഒട്ടേറെ അപരിചിതർ പ്രദേശത്ത് എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.ഇതിനെതിരേ നാട്ടുകാർ സംഘടിക്കാൻ തയ്യാറാകുമ്പോഴാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാടുമൂടിയ സ്ഥലത്ത് ഒളിപ്പിച്ചനിലയിൽ മദ്യക്കുപ്പികൾ കിട്ടിയത്.