പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റത്തെ ഭൂമിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം.സംഭവത്തില്‍ പിസി ജോര്‍ജും കൂട്ടരും കാസയും നടത്തുന്ന ഇടപെടലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കൊട്ടാരമറ്റത്ത് ആര്‍വി സ്ക്വയറിന് സമീപത്തുള്ള പാലാ രൂപതയുടെ 1.35 ഏക്കര്‍ ഭൂമി കപ്പ കൃഷിക്കായി നിരപ്പാക്കുന്നതിനിടെയാണ് ഇവിടെനിന്നും ശിവലിംഗവും സോപാന കല്ലും കണ്ടെത്തിയത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൂത്താപ്പാടി ഇല്ലം വക തണ്ടലത്ത് മഹാദേവക്ഷേത്രം എന്നപേരില്‍ ഒരു ശിവക്ഷേത്രം ഇവിടെ ഉണ്ടായിരുന്നതാണെന്നാണ് പറയപ്പെടുന്നത്.
എന്തായാലും ജെസിബി ഉപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതിനിടെയാണ് ഇവിടെ നിന്നും ശിവലിംഗം കണ്ടെത്തുകയും സംഭവം സംബന്ധിച്ച് ദേവപ്രശ്നം ഉള്‍പ്പെടെ ആചാരപരമായ കര്‍മ്മങ്ങള്‍ക്ക് വെള്ളാപ്പാട്ട് ക്ഷേത്രം ഭാരവാഹികള്‍ പാലാ അരമനയെ സമീപിക്കുകയും ചെയ്തത്.
എന്നാല്‍ സംഭവത്തില്‍ ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ച്, ഇപ്പോള്‍ ബിജെപി നേതാവുമായി മാറിയിരിക്കുന്ന പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി അനുകൂല സംഘടനയായ കാസയും രംഗത്ത് വന്നിരിക്കുന്നതാണ് വിശ്വാസികള്‍ക്കിടയില്‍ സംശയങ്ങള്‍ക്കും പ്രതിഷേധത്തിനും നടയാക്കിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പാലാ രൂപതാ അധികാരികള്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയോ ഔദ്യോഗികമായി വിശദീകരിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ രൂപതാധികാരികള്‍ സമ്മതിച്ചതായി കാണിച്ച് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്.
രൂപത വക സ്ഥലത്തുനിന്നും ശിവലിഗവും മറ്റും കണ്ടെടുത്ത സംഭവത്തില്‍ ഇരു സമുദായങ്ങളുമായി സംസാരിച്ച് ഇരുകൂട്ടര്‍ക്കും പ്രശ്നങ്ങള്‍ ഇല്ലാത്തവിധം പരിഹാരം കണ്ടെത്തുന്നതിനും അതിനായുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിലും വിശ്വാസികള്‍ക്ക് എതിര്‍പ്പുണ്ടാകില്ല.
പക്ഷേ ഇക്കാലമത്രയും സഭാധികാരികളെയും ബിഷപ്പുമാരെയും ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിമര്‍ശിച്ചു നടന്നവര്‍ ഇപ്പോള്‍ സഭയ്ക്കുവേണ്ടി രൂപതയുടെ വക്താക്കളായി രംഗപ്രവേശം ചെയ്തതാണ് വിവാദമായത്.
കൊട്ടാരമറ്റത്തെ ഭൂമിയുമായി ബന്ധപ്പെട്ട് പാലാരൂപത വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന രീതിയില്‍ പ്രസ്താവന ഇറക്കാന്‍ പിസി ജോര്‍ജിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന ചോദ്യമാണ് സഭയ്ക്കുള്ളില്‍ നിന്നും വൈദികരും അല്‍മായ നേതാക്കളും ഉള്‍പ്പെടെ ഉന്നയിക്കുന്നത്. രൂപതാധികാരികള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന ആവശ്യം സഭയ്ക്കുള്ളില്‍ ശക്തമാണ്.
മുമ്പ് പാലാ രൂപതയുടെ മാര്‍ സ്ലീവാ ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യങ്ങളുടെ ഭാഗമായി വില്പന നടത്താന്‍ ആലോചിച്ചിരുന്ന വസ്തുവകകളില്‍ ഒന്നാണ് പ്രസ്തുത ഭൂമി എന്ന് പറയപ്പെടുന്നു.