Thursday, September 19, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ... " മുന്നൊരുക്കങ്ങൾ " - PART - 4

റെക്സ് റോയിയുടെ നോവൽ… ” മുന്നൊരുക്കങ്ങൾ ” – PART – 4

റെക്സ് റോയി

“ ആളെ കൃത്യമായി മനസ്സിലായില്ലേ ?” നന്ദൻ ചോദിച്ചു.
ഗൗരവത്തിലിരുന്ന നാലു പേരും ചെറുതായൊന്നു തല കുലുക്കി.

ചെന്നൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ സ്വീറ്റ് റൂമിലായിരുന്നു അവർ ഒത്തുകൂടിയത്. ചോളപട്ടണം ബീച്ചിലെ ഡി ജെ പാർട്ടിക്കു ശേഷം അവർ ഓരോരുത്തരായി ചെന്നൈക്കു പോയി. പല ഹോട്ടലിൽ മുറികളെടുത്ത ശേഷം മീറ്റിങ്ങിനായി മറ്റൊരു ഹോട്ടലിൽ ബുക്ക് ചെയ്ത മുറിയിലാണ് ഇപ്പോൾ അവർ ഒത്തുകൂടിയിരിക്കുന്നത്. ചോള പട്ടണം ബീച്ച് ഏരിയായിൽ ധാരാളം ലക്ഷ്വറി ഹോട്ടലുകൾ ഉണ്ടെങ്കിലും അവിടെ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് അവർ ചോള പട്ടണം ബീച്ചിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ചെന്നൈയിൽ പല ഹോട്ടലുകളിലായി മുറിയെടുത്തിരിക്കുന്നത്. അവർ ഓരോരുത്തരും ഓരോ മാർഗങ്ങളിലൂടെയാണ് ചെന്നൈയിൽ എത്തിയത്. ഒരാൾ ട്രെയിനിൽ വന്നപ്പോൾ മറ്റൊരാൾ ബസിലാണ് വന്നത്. ബാക്കി മൂന്നുപേർ മൂന്നു ടാക്സി കളിലായിയാണ് ചെന്നൈയിൽ എത്തിയത്. എല്ലാ മുക്കിലും മൂലയിലും സിസിടിവികൾ ഉള്ളപ്പോൾ അഞ്ച് പേരെയും ഒന്നിച്ച് കാണപ്പെടുന്നത് പിന്നീട് അപകടമായേക്കാം എന്നതുകൊണ്ടാണ് അവർ അഞ്ചുപേരും അഞ്ച് വഴിക്ക് സഞ്ചരിക്കുന്നത്. ഇപ്പോൾ അവർ ഒത്തുകൂടിയതുതന്നെ പല സമയങ്ങളിലായി ഹോട്ടലിൽ എത്തി ബാറിലും റസ്റ്റോറന്റിലുമായി സമയം ചെലവിട്ടതിനുശേഷം നേരത്തെ നിശ്ചയിച്ചിരുന്ന സമയത്ത് ഓരോരുത്തരായി നന്ദൻ നേരത്തെ ബുക്ക് ചെയ്തിട്ടിരുന്ന മുറിയിൽ എത്തുകയായിരുന്നു.

നന്ദൻ അല്പം പരിഭ്രാന്തനാണ്. കോടികൾ കിട്ടുന്നതിന്റെ ആവേശമൊക്കെ ചോർന്നു പോയിരിക്കുന്നു. മുമ്പ് കിട്ടിയിരുന്ന ക്വോട്ടേഷനുകളിൽ എല്ലാം ആളെ ചൂണ്ടിക്കാണിച്ചു കൊടുത്ത ശേഷം നന്ദന് അപ്രത്യക്ഷമാകാമായിരുന്നു. അപ്പോഴൊക്കെ വാടക കൊലയാളിയായി ഒരാൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. ഒരു സംഘത്തെ ആവശ്യമുള്ളപ്പോഴും അതിൻെറ തലവനുമായി മാത്രം ഡീൽ ചെയ്താൽ മതിയാകുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ നാലു പേരെയും കോർഡിനേറ്റ് ചെയ്യേണ്ട ചുമതല നന്ദന്‍റേതായി. ഒരാളെ തീർക്കാൻ ഈ നാലു പേരുടെയും ആവശ്യമുണ്ടായിരുന്നോ എന്ന സംശയം തുടക്കത്തിൽ നന്ദനുണ്ടായിരുന്നു. ഇപ്പോൾ ആ സംശയം ആശങ്കയ്ക്ക് വഴി മാറിയിരിക്കുന്നു. ഈ നാലുപേർ മതിയാകുമോ എന്ന ആശങ്കയ്ക്ക്.

ആദ്യമായിട്ടാണ് നന്ദൻ ഒരു ഓപ്പറേഷന്റെ ഭാഗമാകുന്നത്. പണ്ടൊക്കെ കാര്യങ്ങൾ അതതാൾക്കാരെ ഏൽപ്പിച്ചു കഴിഞ്ഞാൽ നന്ദൻ ഫ്രീ ആകുമായിരുന്നു. ഒരു പരിഭ്രമവും, ഓപ്പറേഷൻ പരാജയപ്പെടുമോ എന്ന ഭീതിയും നന്ദനെ ഗ്രസിച്ചു തുടങ്ങി.

നന്ദൻ നാലുപേരെയും മാറിമാറി നോക്കി. ഗൗരവമേറിയ മുഖങ്ങളിൽ നിന്നും , രൂക്ഷമായ കണ്ണുകളിൽ നിന്നും ഒന്നും വായിച്ചെടുക്കാൻ പറ്റുന്നില്ല. ഡി ജെയിൽ നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ പോലും ഇതേ ഭാവമായിരുന്നു ഈ നാലു പേരുടെയും മുഖത്ത്. നന്ദനെ ചെറുതായിട്ട് വിയർക്കാൻ തുടങ്ങി. എസിയുടെ റിമോട്ട് എടുത്ത് മുറിയിലെ ഊഷ്മാവ് വീണ്ടും താഴ്ത്തി സെറ്റ് ചെയ്തു.

“ അവൻ താമസിക്കുന്നത് ചെട്ടിയാർ റസിഡൻസി ഹോട്ടലിന്റെ ഏതോ ഒരു സ്വീറ്റ് റൂമിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.” നന്ദൻ നാലു പേരെയും മാറിമാറി നോക്കി. അവരാകട്ടെ വെറുതെ തലയാട്ടുക മാത്രം ചെയ്തു.

“ ആൾ അതുതന്നെയാണെന്ന് ഉറപ്പാണല്ലോ ?” അവരിൽ ഒരാൾ ചോദിച്ചു.
“ അതെ സർ . അവൻ തന്നെയാണ്. പല ലെവലിൽ അന്വേഷിച്ച് ഉറപ്പാക്കിയതാണ്.” നന്ദൻ പറഞ്ഞു.

“ മിസ്റ്റർ നന്ദൻ, നിങ്ങൾ കാണിച്ചുതരുന്ന ടാർഗറ്റിനെ ഞങ്ങൾ തീർക്കുന്നു. പിന്നീട് ആളു മാറിപ്പോയി എന്നൊരു ഓപ്ഷൻ ഇല്ല.”

“ഇല്ല സർ, ആൾ അതുതന്നെയാണ്. ഉറപ്പാണ്.”

“ കൂടെയൊരു പെണ്ണും ഉണ്ടെന്നു പറഞ്ഞല്ലോ. അവർ എവിടെ ?”
“ സർ ഇതാണ് അവരുടെ ഫോട്ടോ.” ലാപ്ടോപ്പിൽ ഒരു യുവതിയുടെ ഫോട്ടോ കാണിച്ചുകൊണ്ട് നന്ദൻ പറഞ്ഞു. “ പക്ഷേ ആ തിരക്കിനിടയിൽ അവരെ സ്പോട്ട് ചെയ്യാൻ പറ്റിയില്ല.”

“അതൊന്നും കുഴപ്പമില്ല നന്ദൻ. ചോദിച്ചെന്നേയുള്ളു. ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങൾ ഓരോരുത്തരായി പോയി കാര്യങ്ങൾ പഠിച്ച് വരും. അടുത്ത വെള്ളിയാഴ്ച അടുത്ത സിറ്റിംഗ്. അതിനുള്ള സ്ഥലം നന്ദൻ കണ്ടുപിടിച്ച് ഞങ്ങളെ അറിയിച്ചാൽ മതി.”

“ചെന്നൈയിൽ തന്നെ വേണമെന്നില്ല. മറ്റേതെങ്കിലും സിറ്റിയിൽ ആണെങ്കിൽ വളരെ നല്ലത്.” മറ്റൊരാൾ പറഞ്ഞു.

എന്തിനാണ് ഇത്രയധികം മുന്നൊരുക്കങ്ങൾ. നന്ദൻ ആശ്ചര്യപ്പെട്ടു. ഇത്ര ഭയങ്കരനാണോ അവൻ. ആദ്യമായിട്ടാണ് ഇങ്ങനെ. പണ്ടൊക്കെ ഒരുത്തനെ കാണിച്ചു കൊടുത്താൽ മൂന്നാലു ദിവസത്തിനുള്ളിൽ പണി തീർന്നിരിക്കും. ഇതൊരുമാതിരി അയൽ രാജ്യവുമായി യുദ്ധത്തിന് പോകുന്നതുപോലെ ഉണ്ടല്ലോ!

“ശരി സാർ, പിന്നെ നിങ്ങൾ തന്ന സാധനങ്ങളൊക്കെ ബീച്ചിന് പത്തു മുപ്പതു കിലോമീറ്റർ ചുറ്റളവിലുള്ള കടകളിലും വീടുകളിലും ഹോട്ടലുകളിലുമൊക്കെയായി സൂക്ഷിച്ചിട്ടുണ്ട്. ലിസ്റ്റിൽ ബാക്കിയുള്ളവ മൂന്നാല് ദിവസത്തിനുള്ളിൽ പലയിടത്തായി എത്തിച്ചേരും. അതിന്റെ എല്ലാം ഡീറ്റെയിൽസ്…..” നന്ദൻ നാലുപേർക്കും നാലഞ്ച് ഷീറ്റുള്ള കടലാസു കെട്ട് കൈമാറി.

“ ഓക്കേ നന്ദൻ. വെരി ഗുഡ്. ഇതുപോലെ കൈ കൊണ്ടെഴുതിയ കടലാസുകൾ മാത്രം. കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പ്രിൻറ് എടുക്കുകയോ ഇതിൻെറ ഫോട്ടോസ്റ്റാറ്റുകൾ എടുക്കുകയോ ചെയ്യരുത്. നാലു പ്രാവശ്യം എഴുതുമ്പോൾ നന്ദൻ ഇത് കാണാപ്പാഠം പഠിക്കുമല്ലോ? എഴുതിയ പേപ്പറുകൾ കയ്യിൽ കാണരുത്. ഒരു കാരണവശാലും.”

“ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളുടെ കയ്യിലുള്ള ഈ പേപ്പറുകൾ കത്തിച്ചാമ്പലായിട്ടുണ്ടാവും. പിന്നെ ഇതിൽ എഴുതിയതു മുഴുവൻ ഇവിടെയാണ് ഉണ്ടാവുക.” ഇത് പറഞ്ഞിട്ട് അയാൾ തന്റെ തലയിൽ തൊട്ടു കാണിച്ചു. “ നന്ദന്റെ കാര്യത്തിലും അങ്ങനെ തന്നെയാവണം. ഒരു രേഖയും ഒരിടത്തും കാണാൻ പാടില്ല.”

“ ശരി സാർ” നന്ദൻ ചെറുതായിട്ടൊന്നു വിറച്ചു. എന്തൊക്കെയാണിത് ? ശരിക്കും ഒരു രാജ്യത്തോട് യുദ്ധം ചെയ്യാൻ പോകുന്ന പോലെയുണ്ട്. ങാ , ഏതായാലും ഇതു തന്റെ അവസാനത്തെ പരിപാടിയാണ്. കോടികളല്ലേ കിട്ടാൻ പോകുന്നത്. അത് വാങ്ങി ബാങ്കിലിട്ടിട്ട് ഏതെങ്കിലും സുഖവാസ കേന്ദ്രത്തിൽ ടൂർ ഗൈഡ് ആയിട്ട് ജോലി ചെയ്യാം. കാശിനു വേണ്ടിയല്ല. ധാരാളം ആളുകളെ പരിചയപ്പെടാൻ സാധിക്കുമല്ലോ. കൂടെ അവരുടെ രഹസ്യങ്ങളും ചോർത്താം. അവസാനത്തെ ഓപ്പറേഷൻ അല്പം കളറായിക്കോട്ടെ.

എന്നാലും ഇവരുടെ മുന്നൊരുക്കങ്ങൾ കാണുമ്പോൾ അൽപം ആശങ്ക. തന്റെ ഒടുക്കത്തെ പരിപാടിയായി തീരുമോ എന്തോ ?
(തുടരും)

റെക്സ് റോയി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments