Thursday, November 14, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (83) കേരളത്തിലെ താന്ത്രികപാരമ്പര്യം ✍ പി. എം.എൻ.നമ്പൂതിരി.

അറിവിൻ്റെ മുത്തുകൾ – (83) കേരളത്തിലെ താന്ത്രികപാരമ്പര്യം ✍ പി. എം.എൻ.നമ്പൂതിരി.

പി. എം.എൻ.നമ്പൂതിരി.

കേരളത്തിലെ ക്ഷേത്രസംബന്ധിയായ ഈ ശാഖയെയാണ് തന്ത്രമെന്ന പേരിൽ വിവക്ഷിച്ചു വരുന്നത്. ഏതായാലും ഇക്കാലത്തെ തന്ത്രിമാർ മനസ്സിലാക്കി വരുന്നത് അങ്ങനെയാണ്. നേരത്തെ തന്ത്രമെന്നു പറഞ്ഞ വിശാലപരിധിയുള്ള ബൃഹത് ശാസ്ത്രവിഭാഗത്തെ മന്ത്രശാസ്ത്രമെന്നു പറഞ്ഞാൽ ഇതിന് അർത്ഥം കിട്ടും. മന്ത്രശാസ്ത്രത്തിൻ്റെ തത്ത്വങ്ങൾ മനസ്സിലാക്കിയ തന്ത്രിമാരും മന്ത്രവാദികളും വളരെ വളരെ ദുർബലമാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. തത്തൽ കർമ്മങ്ങൾ ചെയ്യുവാനുള്ള പ്രായോഗികപരിജ്ഞാനമില്ലാതെ അതതു വിഷയങ്ങളിലുള്ള താത്ത്വികപരിചയം ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്.

കേരളം, പിൻകാലത്ത് പരശുരാമനാൽ ഉദ്ധരിയ്ക്കപ്പെട്ടതും ഭാരതത്തോട് കൂട്ടിച്ചേർക്കപ്പെട്ടതുമായ പ്രദേശമാണെന്നാണല്ലോ പുരാണപ്രസിദ്ധമായിട്ടുള്ളത്. പുണ്യഭൂമിയായ ഭാരതത്തിൽ അനാദികാലം മുതൽ ന്യസിയ്ക്കപ്പെട്ടതായ അനേകം ക്ഷേത്ര തീർത്തസ്ഥാനങ്ങളുണ്ടെന്നത് പ്രസിദ്ധമാണല്ലോ. അതിനാൽ കേരളം ഭാരതഭൂമിയോടു ചേർക്കപ്പെട്ടപ്പോൾ പവിത്രത കൈവരുവാൻ വേണ്ടി നൂറ്റിയെട്ടു (108) ശിവാലയങ്ങളേയും നൂറ്റിയെടു(108) ദുർഗ്ഗാലയങ്ങളേയും പരശുരാമൻ ന്യസിച്ചിരിയ്ക്കണം എന്നതാണ് കേരളപഴമയിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്. അങ്ങനെ കേരളത്തിൽ ക്ഷേത്രങ്ങൾ സൃഷ്ടിച്ചപ്പോൾ അതിൻ്റെ താന്ത്രികമായ വശം സാക്ഷാൽ പരശുരാമൻ തരണനല്ലൂർ തുടങ്ങിയ 12 ബ്രാഹ്മണർക്ക് വീതിച്ചു കൊടുത്തു എന്നാണ് ഐതിഹ്യം. അങ്ങനെ കേരളത്തിലും പരശുരാമപ്രോക്തമായി തന്ത്രസമ്പ്രദായം നിലവിൽ വന്നു.” പരശുരാമകല്പസൂത്രം എന്ന ശ്രീവിദ്യോപാസനാദി വിഷയങ്ങളെ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥത്തിൻ്റെ കർത്തൃത്വം പരശുരാമനിൽ ആരോപിയ്ക്കപ്പെട്ടിട്ടുള്ളതിനാൽ ആ മഹർഷീശ്വരൻ ഉഗ്രനായ ഒരു ശാക്തനും താന്ത്രികോപാസകനുമായിരുന്നു എന്ന് നമുക്കനുമാനിക്കാം.

താന്ത്രികപാരമ്പര്യത്തിൻ്റെ അധ:പതനവും
തന്ത്രസമുച്ചയത്തിൻ്റെ ആവിർഭാവവും:

കാലക്രമത്തിൽ ഈ 12 പേരുടെ പരമ്പര ശിഷ്യപ്രശിഷ്യന്മാരായി വളർന്നു ഒട്ടനേകം ബ്രാഹ്മണ ഗൃഹങ്ങളിലേയ്ക്ക് ഈ തന്ത്രം സംക്രമിയ്ക്കുകയും പരസ്പരം ബന്ധമില്ലാതെ സമ്പ്രദായം വളരെ ദുഷിക്കുകയും ചെയ്തു. അടിസ്ഥാനചിന്തയുടെ അഭാവംകൊണ്ട് പരസ്പരവിരുദ്ധമായ രീതിയിൽ ക്ഷേത്രതന്ത്ര സമ്പ്രദായം അധ:പതിച്ച ഒരു കാലഘട്ടത്തിലാണ്, ഏതാണ്ട് ക്രിസ്ത്വബ്ദം 1427-ൽ, സാമൂതിരിയുടെ പ്രസിദ്ധ വിദ്വത് സദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാളായ ചേന്നാസ് ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് “തന്ത്രസമുച്ചയം “ എന്ന ഗ്രന്ഥം രചിച്ചത്.ഈ വിഷയത്തിൽ നിലവിലുള്ള കുഴഞ്ഞുമറിഞ്ഞ അവസ്ഥയെ നേരെയാക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശം. അതിനു മുമ്പ് ശങ്കരഭഗവത്പാദർ, രവി, ഈശാനശിവഗുരു, വില്വമംഗലം, ത്രിവിക്രമൻ, നാരായണത്തു ഭ്രാന്തനെന്ന നാരായണാചാര്യർ, രാഘവാനന്ദൻ, മാധവൻ വാസുദേവൻ തുടങ്ങിയ താന്ത്രികാചാര്യന്മാർ രചിച്ച പ്രപഞ്ചസാരം, ഈശാനുഗുരുദേവ പദ്ധതി, വിഷ്ണുസംഹിത, പ്രയോഗമഞ്ജരി, ദേവോത്ഭവം, ഗോപാലകാനുഷ്ഠാനക്രമദീപിക, രഹസ്യ ഗോപാല തന്ത്രചിന്താമണി തുടങ്ങി നിരവധി തന്ത്രഗ്രന്ഥങ്ങൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. അതിനു പുറമെ കേരളത്തിനു പുറത്ത് രചിക്കപ്പെട്ട തന്ത്രഗ്രന്ഥങ്ങളൊന്നും അപരിചിതങ്ങയിരുന്നില്ലെന്നു വേണം കരുതുവാൻ. ഇങ്ങനെ അന്നു പരിചയമുണ്ടായിരുന്ന തന്ത്ര ഗ്രന്ഥപാരാവാരത്തിൽ നിന്നു നിലവിലുള്ള പദ്ധതികൾ ഒട്ടുംതന്നെ ലോപം വരാതെ കടഞ്ഞെടുത്ത സമ്പ്രദായമാണ് തന്ത്രസമുച്ഛയക്കാരൻ ആവിഷ്ക്കരിച്ചിട്ടുള്ളത്.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments