ഭുവനം നീളെ മയങ്ങിയുണർന്നവർ
സുമസുന്ദരികൾ വാടിയിലാകെ .
പുലർകാലത്തിരുതേരിൽ ഭാസ്വര
പുലരിയെഴുന്നുള്ളത്തു തുടങ്ങി !
മൃദുവായ്ത്തഴുകിയ പവനകുമാരനൊ
ടിടകലരാനായ് മലർമണമരികെ ,
അലസം ചിറകുകളാകെയൊതുക്കി,
കളകണ്ഠം അവൾ സരസമൊരുങ്ങി.
ഉഷസ്സിൻ നിറുകയിൽ
തിലകമതണിയാൻ
ദിനകരസുന്ദര രൂപമൊരുങ്ങി.
പ്രിയതരമേതോ മധുരിതവചസ്സുകൾ
പ്രിയമായ് മൊഴിയാൻ
പവനനൊരുങ്ങി.
കിരണപ്രഭയതു സഹിയാനിഴലുകൾ
ഒരുഭാഗത്തേക്കാകെയൊതുങ്ങി,
കളകളമൊഴുകും അരുവിയിൽ
രവിയുടെ
കിരണപതംഗം ചിറകുകൾ വീശി.
അഴിയാത്തഴലുകൾ
ആകെമുറിയ്ക്കാൻ
ദിനകരനണയും ദിനവുമതെന്നും,
പവനമതായി ഊഴിയതാകെ
ഹരിതമനോഹരമായി വിളങ്ങാൻ.