Sunday, November 24, 2024
Homeപാചകംപാചക പംക്തി: (23) ഈദ് സ്പെഷ്യൽ പാചകം 'സൂപ്പർ ടേസ്റ്റി കൽത്തപ്പം'...

പാചക പംക്തി: (23) ഈദ് സ്പെഷ്യൽ പാചകം ‘സൂപ്പർ ടേസ്റ്റി കൽത്തപ്പം’ ✍ ജസിയഷാജഹാൻ

ജസിയഷാജഹാൻ.

ഈദ് സ്പെഷ്യൽ പാചകം: സൂപ്പർ ടേസ്റ്റി കൽത്തപ്പം

ആവശ്യമുള്ള സാധനങ്ങൾ

1: വറുത്ത അരിപ്പൊടി: 2 കപ്പ് (അപ്പത്തിന്റെയോ ഇടിയപ്പത്തിൻ്റെയോ പരുവത്തിൽ ഉള്ള പൊടിയാണ് ഉപയോഗിക്കേണ്ടത്)
തേങ്ങ ചിരകിയത്: മുക്കാൽ കപ്പ്
ജീരകം : അര ടീസ്പൂൺ
ഉപ്പ്: കാൽ ടീസ്പൂൺ
ബേക്കിംഗ് സോഡ: അര ടീസ്പൂൺ

2: ശർക്കര : കാൽ കിലോ
നെയ്യ്: ഒരു ഡസേർട്ട് സ്പൂൺ
വെളിച്ചെണ്ണ: ഒരു ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത് : കാൽ കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത്: അരക്കപ്പ്
ഈന്തപ്പഴം നുറുക്കിയത്: അരക്കപ്പ്
അണ്ടിപരിപ്പ് വറുത്തു തരുതരുപ്പായി പൊടിച്ചത്: കാൽ കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തു നെയ്യിൽ വഴറ്റിയത് :
കാൽ കപ്പ് ഏലക്കായ് പൊടിച്ചത്: എട്ടെണ്ണത്തിൻ്റേത്

പാചകം ചെയ്യുന്ന വിധം

തേങ്ങയും ജീരകവും കൂടി മിക്സിയുടെ അരക്കുന്ന ജാറിലേക്കിട്ട് അരക്കപ്പ് വെള്ളമൊഴിച്ച് നന്നായി കുഴമ്പു പരുവത്തിൽ അരച്ചെടുക്കുക. അതിലേക്ക് തന്നിരിക്കുന്ന അളവിലുള്ള അരിപ്പൊടി പകർന്ന് ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് എല്ലാം കൂടി നന്നായി ഒന്നിളക്കി യോജിപ്പിക്കുക.അതിനുശേഷം വീണ്ടും ഒരു അര മിനിട്ട് കൂടി ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം മിശ്രിതം ഒരു മിക്സിംഗ് ബൗളിലേക്ക് പകരുക.

അടുത്തതായി ഒരു പാത്രത്തിലേക്ക് ശർക്കര ഇട്ട് മുക്കാൽകപ്പ് വെള്ളവുമൊഴിച്ച് സ്റ്റൗ ഓൺ ചെയ്ത് ശർക്കര എല്ലാം ഉരുകി നന്നായി തിളക്കുമ്പോൾ സ്റ്റൗ ഓഫാക്കി അതേ തിളപ്പോടു കൂടി തന്നെ ബൗളിൽ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് കുറേശ്ശെയായി ഒരു അരിപ്പയിൽ അരിച്ചൊഴിക്കുകയും ഒപ്പം തന്നെ നന്നായി ഇളക്കി യോജിപ്പിക്കുകയും ചെയ്യുക.

അഞ്ചു ലിറ്റർ അളവിലുള്ള ഒരു അലൂമിനിയം കുക്കർ അടുപ്പിൽ വച്ച് സ്റ്റൗ കത്തിക്കുക.കുക്കർ ചൂടാകുമ്പോൾ അതിലേക്ക് നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് തേങ്ങാ കൊത്തും അരിഞ്ഞ ഉള്ളിയും ഇട്ട് ഇടത്തരം തീയിൽ നന്നായി ഇളക്കുക. ചേരുവകൾ അര പരുവത്തിലുള്ള മൂപ്പാകുമ്പോൾ ഈന്തപ്പഴം നുറുക്കിയത് കൂടി അതിലേക്കിട്ട് നന്നായി വീണ്ടും ഇളക്കുക. (ഇതിനിടയിൽ തയ്യാറാക്കി വച്ചിരിക്കുന്ന മാവു കൂട്ടിൽ ഏലക്കായ് പൊടിച്ചതും ഉപ്പും, സോഡാപ്പൊടിയും യഥാക്രമം ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക . ഒരു വിധം തേങ്ങയും ഉള്ളിയും ചുവന്നു വരുമ്പോൾ തീയ് ഒന്നു ഫുൾ കൂട്ടി വച്ച് ഒരു മിനിട്ടിനകം തന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിൻ്റെ പകുതി കുക്കറിലേക്ക് ഒഴിക്കുക. തീയ് നന്നായി കുറച്ച് സിമ്മിൽ വച്ച് കുക്കറിൻ്റെ അടപ്പ് അല്ലാത്ത ഒരു മൂടി കൊണ്ട് നന്നായി ഒട്ടും വായു കടക്കാത്ത വിധം മൂടി വച്ച് ഒരു അഞ്ചു മിനിട്ട് വേവിക്കുക. അതിനുശേഷം മൂടി തുറന്ന് കാരറ്റ് ഗ്രേറ്റ് ചെയ്തതും വറുത്തു പൊടിച്ച അണ്ടിപ്പരിപ്പും എല്ലായിടത്തും സമനിരപ്പായി വിതറി നിരത്തുക. മൂടി അടച്ച് വീണ്ടും അതൊന്നു മിശ്രിതപ്രതലത്തിൽ പിടിച്ചിരിക്കുന്നതിനായി ഒരഞ്ചു മിനിട്ടു കൂടി വേവി
ക്കുക. അതിനുശേഷം ബാക്കി വന്ന മിശ്രിതം നന്നായി ഒന്ന് ഇളക്കി ചേർത്ത് വെന്തു കൊണ്ടിരിക്കുന്ന കൽത്തപ്പക്കൂട്ടിന് മുകളിലായി മുഴുവനും ഒഴിച്ച് കുക്കറിൻ്റെ അടപ്പ് കൊണ്ട് നന്നായി അടച്ച് ( വിസിൽ ഇടരുത്) തീയ് അല്പം കൂടി കൂട്ടിവച്ച് ഏകദേശം ഒരു ഏഴ് മിനിട്ട് ആകുമ്പോഴേക്കും ചുരുക്കത്തിൽ നന്നായി ആവി പുറത്തേക്ക് വന്നു തുടങ്ങുമ്പോൾ സ്റ്റൗ ഓഫാക്കുക. കുക്കർ നന്നായി തണുത്തശേഷം
മൂടി തുറന്ന് ഒരു കത്തികൊണ്ട് നാലരികും മെല്ലെ ഒന്നയച്ചുവച്ച് മറ്റൊരു പാത്രത്തിലേക്ക് പകരുക .ശേഷം വളരെ ഗുണപ്രദവും രുചിപ്രദവും കാഴ്ചയിൽ ഏറെ മനോഹരവും നല്ല പഞ്ഞിപോലെ സോഫ്റ്റുമായ നമ്മുടെ കൽത്തപ്പം നല്ല ആകൃതി
യിൽ മുറിച്ച് ഒരു പാത്രത്തിലേക്ക് പകർന്ന് എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷമായി കഴിക്കുക.

കൽത്തപ്പം ഉണ്ടാക്കുമ്പോൾ നമ്മൾ ഏറെ ശ്രദ്ധിക്കാനുള്ളത് വെന്ത് കഴിഞ്ഞ കൽത്തപ്പത്തിന്റെ മൂടി തുറക്കുമ്പോൾ അതിലെ വെള്ളം അകത്തേക്ക് വീഴാതെ നോക്കുക. കൽത്തപ്പം അടുപ്പിൽ വച്ചതിനുശേഷം അതിനടുത്ത് തന്നെ നിൽക്കുക. ഒപ്പം നമ്മൾ ഉണ്ടാക്കുന്ന മിശ്രിതത്തിന്റെ ആ ഒരു പരുവംകണക്കായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക . ഓരോരുത്തരും ഉപയോഗിക്കുന്ന കുക്കറിന്റെ കനവും വ്യാപ്തിയും ഒക്കെ അനുസരിച്ച് തീയുടെ ഏറ്റക്കുറച്ചിലുകൾ കൽത്തപ്പം ഒട്ടും കരിഞ്ഞു പോകാതെ അവരവർ തന്നെ ക്രമീകരിക്കുക.

അപ്പോൾ എല്ലാവരും ഇതൊന്നു പരീക്ഷിക്കുക റിസൾട്ട് അറിയിക്കുക. വീണ്ടും മറ്റൊരു വിഭവവുമായി കാണും വരെ നന്ദി, സ്നേഹം എല്ലാവർക്കും എൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ.

ജസിയഷാജഹാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments