Sunday, November 24, 2024
Homeലോകവാർത്തറഷ്യൻ പ്രതിപക്ഷ നേതാവും പുട്ടിൻ വിമർശകനുമായ അലക്സി നവൽനി അന്തരിച്ചു, അന്ത്യം 19 വർഷത്തെ തടവുശിക്ഷയ്ക്കിടെ.

റഷ്യൻ പ്രതിപക്ഷ നേതാവും പുട്ടിൻ വിമർശകനുമായ അലക്സി നവൽനി അന്തരിച്ചു, അന്ത്യം 19 വർഷത്തെ തടവുശിക്ഷയ്ക്കിടെ.

മോസ്‌കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാഡമിർ പുട്ടിന്റെ വിമർശകനുമായ അലക്സി നവൽനി അന്തരിച്ചു.

19 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന അലക്സി ജയിലിൽ വച്ചാണ് മരണപ്പെട്ടത്. റഷ്യയുടെ ഫെഡറൽ പെനിറ്റൻഷ്യറി സർവീസാണ് മരണവാർത്ത പുറത്തുവിട്ടത്. നടക്കുമ്പോൾ ബോധരഹിതനായ അലക്സിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

പുട്ടിന്റെ വിമർശകൻ
വ്ളാഡമിർ പുട്ടിന്റെ രാഷ്ട്രീയ പ്രതിയോഗിയാണ് അലക്സി നവൽനി.

2021 ഫെബ്രുവരിയിലാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നവൽനിയെ ‘പുട്ടിൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ആളാണെന്നാണ്’ വാൾസ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്.

തടവിൽ കഴിയുന്നതിനിടെ അലക്സി നവൽനി സ്ഥാപിച്ച സംഘടനകൾ ഭീകരപ്രവർത്തനം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതി വിലക്കേർപ്പെടുത്തിയിരുന്നു.ആന്റി കറപ്ഷൻ ഫൗണ്ടേഷൻ (എഫ്.ബി.കെ), സിറ്റസൺസ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എന്നിവയെയാണ് ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘടനകൾക്കും സഖ്യകക്ഷികൾക്കും അടുത്ത അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.

നവൽനിയെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ശ്രമങ്ങൾക്ക് കോടതിയും പിന്തുണ നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
നവൽനിയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് പ്രതിപക്ഷ നേതാക്കളെയും നിരവധി അഭിഭാഷകരെയും അറസ്റ്റ് ചെയ്തിരുന്നു.

വിചാരണയ്ക്ക് മുമ്പ് അന്വേഷണ സംഘത്തിന്റെ രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് നവൽനിയുടെ അഭിഭാഷകനെതിരെയും കേസ് എടുത്തിട്ടുണ്ട്.

2020 ആഗസ്റ്റിൽ സൈബീരിയയിൽ നിന്നും മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെ വിഷബാധയേറ്റ അലക്സി നവൽനി ആഴ്ചകളോളം കോമയിലായിരുന്നു.പിന്നീട് മോസ്‌കോയിലെത്തിയ ഇദ്ദേഹത്തെ പരോൾ ലംഘിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് മൂന്ന് വർഷത്തേയ്ക്ക് ജയിലിൽ അടച്ചു. ഇതിനിടെ ജയിലിൽ നിരാഹാരമിരുന്നതിനെ തുടർന്ന് നവൽനിയുടെ ആരോഗ്യനില മോശമായിരുന്നു.

നവൽനിയുടെ സ്ഥിതി വഷളാവുകയാണെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പുട്ടിൻ സർക്കാരിനെതിരെ ഉയർന്നത്.

RELATED ARTICLES

Most Popular

Recent Comments