കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും .ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും .
“ദേ ..വാര്യേത്ത് ഓണമെത്തി .”അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ .ഇല്ലങ്ങളിലും വാര്യേത്തും അത്തത്തിന് തൃക്കാക്കരയപ്പനെവെയ്ക്കും .”മാതേവരെവെക്ക്യാ”..അങ്ങന്യാ പറയാറ് .തൃക്കാക്കരയപ്പനെന്നു ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണോ എന്തോ ?ഏതായാലും കുട്ട്യോൾക്ക് പ്രിയം ‘മാതേവരാ’ണ് .
അത്തത്തിന് മൂന്നെണ്ണം നടുമുറ്റത്ത് ചാണകം മെഴുകി നാക്കിലയിൽ സ്ഥാനം പിടിക്കും .മുടിയിൽ തുളസിപ്പൂ ചൂടി അവയങ്ങനെ ഓണത്തിന്റെ വരവ് ഉദ്ഘോഷിക്കും .മൂലം വരെ മുടിയിലെ തുളസിക്കതിര് മാറ്റിക്കുത്തും എന്നല്ലാതെ മറ്റു ഏർപ്പാട് ഒന്നുമില്ല .മൂലം നാളിൽ പഴയവയെ മാറ്റി പുതിയ അഞ്ചെണ്ണം പ്രതിഷ്ഠിക്കും .അന്ന് അരിമാവ് കൊണ്ടു അണിഞ്ഞു പീഠത്തിലാണു് മാതേവരെ വയ്ക്കുന്നത് .പഴയ തറവാടുകളിൽ മൂലം തൊട്ട് എന്നും പഴനുറുക്ക് വേണം,പപ്പടവും കാച്ചണം .
പത്തായത്തിൽ പുകയിട്ട് വെച്ച നേന്ത്രക്കായ മച്ചിലറയിലെ കൊളുത്തിൽ തൂങ്ങും .പഴുപ്പ് കയറി മഞ്ഞച്ചുതുടങ്ങിയിട്ടേഉണ്ടാവൂ .ഓണപ്പണികൾ ഒന്നൊന്നായി അടുക്കളയിൽ അരങ്ങേറും .കാളൻകുറുക്കല് , ഉപ്പേരി വറവ് , ശർക്കരവരട്ടി , പുളിയിഞ്ചി , വടുകപ്പുളി നാരങ്ങാക്കറി എന്നീ ഓണവിഭവങ്ങളുണ്ടാക്കൽ അങ്ങനെ സ്ത്രീകൾക്ക് അടുക്കളയിൽനിന്നൊഴിവാവാൻ നേരമില്ലാതെ പണിതിരക്കാകും.ആ ദിവസങ്ങളിൽ സ്കൂളിൽ പോകാൻ എന്തു മടിയാണെന്നോ ? ചിലപ്പോൾ പൂരാടം ദിവസം കൂടി പരീക്ഷ ഉണ്ടാകും .ലീവ് എടുക്കാനും വയ്യാ .ചുക്കും ജീരകവും പൊടിച്ചെടുത്തത് ശർക്കരപ്പാനിയിൽ പുരളുന്നതിന്റെ മണം പിടിച്ചു ഞാനും ഏട്ടനും അടുക്കളക്കു ചുറ്റും പമ്മിപ്പമ്മി നടക്കും .ഇടയിൽ അമ്മകാണാതെ പുതുമുറത്തിൽ അമ്മ വറുത്തുകോരിയിട്ട ഉപ്പേരിയും ശർക്കരവരട്ടിയും വാരി നിക്കറിന്റെ പോക്കറ്റിലിട്ട് ഏട്ടന്റെ ഒരോട്ടമുണ്ട് .പിന്നാലെ കക്കാൻ ചെല്ലുന്ന എന്നെ അമ്മ കൈയോടെ പിടികൂടും .പിന്നെ തലയിൽ തഴുകി വാത്സല്യത്തോടെ “എവിടെയും കൊഴിച്ചേയ്‌ക്കരുത് “എന്ന കർശന നിർദ്ദേശത്തോടെ കൈക്കുമ്പിളിൽ വാരിത്തരും .ആ ഉപ്പേരിയുടെ സ്വാദ് ഇന്നെത്ര കഴിച്ചാലും കിട്ടാത്തതെന്താണാവോ ?
പൂരാടദിവസം ഏഴ് , ഉത്രാടത്തിനു ഒമ്പത് ,തിരുവോണത്തിന് ഇരുപത്തൊന്ന് എന്ന ക്രമത്തിൽ മാതേവരുടെ എണ്ണം കൂടിക്കൂടി വരും .അത്തംതൊട്ടു മാറ്റിവെച്ച പഴയ മാതേവരുകളെല്ലാം ഈ ഇരുപത്തൊന്ന് എണ്ണത്തിന് ചുറ്റും ‘കാവൽക്കാർ’എന്ന സങ്കപ്പത്തിൽ പ്രതിഷ്ഠിക്കും . മഹാബലിയുടെ രൂപത്തിനുള്ള രാജകീയത മറ്റൊരു രൂപത്തിനുമില്ല .ചുറ്റും അരമണി ചാർത്തി കിരീടം ചൂടി കൃഷ്ണകിരീടവും തെച്ചി ,തുളസി എന്നിവയും ചേർത്തുകെട്ടി വെച്ചലങ്കരിച്ചു മാവേലിത്തമ്പുരാൻ അങ്ങനെ വിരാജിക്കും .അസൂയ മൂത്ത ദേവരാജൻ ചന്നംപിന്നം ഒളിച്ചുകളിക്കുന്ന മഴ വർഷിച്ചു അച്ഛൻ വരച്ച മനോഹരമായ മാക്കോലങ്ങളെ നക്കിയെടുക്കും .
ഇത്തരുണത്തിലാണ് തലേന്ന് പാണന്മാർ വെച്ച ഓലക്കുട ചൂടിക്കുന്നതു .’കുടവയ്ക്കൽ’ അവരുടെ അവകാശമാണ് .പകരം അരിയും പഴവും പണവും പപ്പടവും ഓണക്കോടിയുമായി നിറഞ്ഞ മനസ്സോടെ അവർ മടങ്ങും .
ഉത്രാടനാളിലാണ് വീട്ടുകാർക്കും കാര്യസ്ഥന്മാർക്കും അടിയാളർക്കും ഓണക്കോടി നൽകുന്നത് .അമ്മയുടെ പെട്ടിയിൽ അടുക്കി വെച്ചിരിക്കുന്ന കോടിമുണ്ടുകൾ എല്ലാം അടുക്കായി പൂമുഖത്തെത്തും .കൈതപ്പൂവിന്റെയും കോടിമുണ്ടിന്റെയും കൂടിക്കലർന്ന മദിപ്പിക്കുന്ന ഗന്ധംചുറ്റിലും .ചാമി , കാളി, പര്യാണി , നാണിക്കുട്ടിയമ്മ ..ഇങ്ങനെ പുറത്തുള്ളവരുടെ ഊഴം കഴിയുന്നതുവരെ ഞങ്ങൾ കുട്ട്യോള് ശ്വാസം അടക്കിപ്പിടിച്ചിരിക്കും .അടുത്തത് ഞങ്ങൾക്ക് .എനിക്ക് അധികവും പട്ടുപാവാടയാണ് കിട്ടുക .കസവുനൂലതിരിട്ട അതിന്റെ നേർമ്മയിൽ വിരലോടിച്ചു നിൽക്കുമ്പോൾ “വേഗം തിരുവോണനാളെത്തണേ” എന്ന പ്രാർത്ഥനയാകും ഉള്ളിൽ .
ഉത്രാടദിവസമാണ് അമ്പലത്തിലെ ‘ഇല്ലം നിറ ‘. വിളഞ്ഞു പഴുത്ത നെൽക്കതിർ അമ്പലത്തിൽ നിന്നും ശിരസ്സിലേറ്റി അച്ഛൻ വരുന്നതുകാത്ത് നിലവിളക്കുമായി അമ്മ പൂമുഖത്തുണ്ടാവും .”നിറ നിറാ പൊലി പൊലി , പത്തായം നിറ , ഇല്ലം നിറ ,വല്ലം നിറ ” എന്ന വായ്ത്താരിയോടെ കതിരുകൾ മച്ചിലേക്ക് .ചന്ദനോടത്തിന്റെ മൂടുകൊണ്ടണിഞ്ഞു അതിൽ ചാണകത്തിൽ പൊതിഞ്ഞ കതിര് ഉഴിഞ്ഞവള്ളിയിൽ ചുറ്റിക്കെട്ടും .വാതിലിലും അലമാരയിയിലും ഒക്കെ ഈ കതിര് പതിച്ചുവെക്കും .ഒരു വർഷത്തെ ഐശ്വര്യസൂചകമായിട്ടാണ് ഈ ചടങ്ങ് .മലയാളിയുടെ കാർഷിക സംസ്കാരത്തിന്റെ ഓര്മപ്പെടുത്തലായും ഈ ചടങ്ങിനെ വിവക്ഷിക്കാം .
തിരുവോണദിവസം ഉച്ചക്ക് പതിനൊന്നുമണിക്കേ ഊണിനു ഇലയിടും .നാലുകൂട്ടം ഉപ്പേരിവറവ്നിർബന്ധം .കായ ,ചേന ,പഴം ,പയറ് എന്നിവയാണ് അവ .പഴം വറുത്തതിനാണ് ഏറെ ഡിമാൻഡ് .രാവിലെ മഹാബലിക്കു പൂവടയുംപഴനുറുക്കും നിവേദിയ്ക്കണം.
പാൽപ്പായസമധുരം നുണഞ്ഞ സമൃദ്ധമായ ഓണസ്സദ്യക്കു ശേഷം കുട്ടികൾ കളികളിൽ മുഴുകും .ആൺകുട്ടികൾ ‘തലമപ്പന്തു ,’ ‘കുട്ടിയും കോലും’ ഒക്കെയായി ഒത്തുകൂടുമ്പോൾ പെണ്പിള്ളേര് കൊത്താംകല്ലാടലും , ഒളിച്ചുകളിയുമായി തിമർക്കും .സ്ത്രീകളെല്ലാം ഇല്ലത്തെ കൈകൊട്ടിക്കളിക്കു പോകും .ശ്രീദേവി കുഞ്ഞാത്തോലുടെ ‘ചോണനെറുമ്പേ’ എന്ന പാട്ട് തെക്കിനിത്തറയിൽ നിന്നു മുഴങ്ങുമ്പോൾ ഞങ്ങൾ കളി നിർത്തി തെക്കിനിത്തറയ്ക്കു മുന്നിൽ വട്ടം കൂടും .അതാണ് കൈകൊട്ടിക്കളിയിലെ അവസാന ഇനം .”തട്ട്യാലും പോണില്ല ചോണനെറുമ്പ് “എന്നു തുടങ്ങുന്ന ആ ഗാനം കുട്ടികൾക്ക് ഏറെ പ്രിയം.അത് കഴിഞ്ഞാൽ “ശ്രീരാമരൂപമുലനു നിത്യജയ മംഗളം ” എന്ന മംഗളം പാടി അവസാനിപ്പിക്കലായി .അപ്പോഴേക്കും പകലോൻ തിരുവോണഭംഗി ആസ്വദിച്ചു പടിഞ്ഞാറൻ മാനത്തു ചുവപ്പുരാശി പടർത്തിയിരിക്കും .വലിയ വട്ടച്ചെമ്പിൽ വേവിച്ചെടുത്ത തുടുതുടെയുള്ള പഴനുറുക്കും വറുത്തുപ്പേരിയും വാട്ടിയ ഇലക്കീറിൽ , ഒപ്പം പാല് അതിലൂടെ ഓടിയോ ഇല്ലയോ എന്നു സംശയം ജനിപ്പിക്കുന്ന ചായ ..ഇവയെല്ലാം കഴിച്ച് അടുത്ത ഓണത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി ഇല്ലത്തു നിന്നു പടിയിറങ്ങാം .എന്നാൽ അന്ന് നുകർന്ന ആ അമൃതേത്തിന്റെ രുചി പകരാൻ ഏതു കാലത്തിനാവും ?സ്വയം മറന്ന്,കളിച്ചുതിമർത്ത്,കഴിച്ചു നിറച്ച ആ നല്ല നാളുകൾ അയവിറക്കുമ്പോൾ സ്വയം ആശ്വസിക്കാൻ ശ്രമിക്കും ..
“ഇല്ല ..ഒന്നും നഷ്ടപ്പെട്ടിട്ടില്ല ..രൂപവും ഭാവവും മാറിയെന്നു വരാം!അത് സ്വാഭാവികമായ ഒരു പരിണാമം മാത്രം .”
എങ്കിലും അമ്പിളിത്തെല്ലുപോലെ ആ ഓർമ്മകൾ എന്നെ ഇപ്പോഴും ത്രസിപ്പിക്കുന്നു ..ആ ഓർമകളിൽ ഞാൻ കുഞ്ഞായിമാറുന്നു .അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഓമനയായ ഉണ്ണിമോളായി!!