ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ നോവൽ, കഥ, കവിത എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ വിജയികൾക്കുള്ള സാഹിത്യ പുരസ്ക്കാരം പ്രഖ്യാപിച്ചു.
നോവൽ വിഭാഗത്തിൽ ഒന്നാം സമ്മാനം ശ്രീമതി ഹരിത സാവിത്രിയുടെ “സിൻ” എന്ന നോവലിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം പ്രേമൻ ഇല്ലത്തിൻ്റെ നഗരത്തിൻ്റെ മാനിഫെസ്റ്റോയ്ക്കും, മൂന്നാം സമ്മാനം സദാശിവൻ അമ്പലമേടിൻ്റെ “ദേഹണ്ഡം”എന്ന നോവലിനുമാണ് ലഭിച്ചത്.
ചെറുകഥ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് അർഹത നേടിയത് അക്ബർ ആലിക്കരയുടെ ചിലക്കാത്തപല്ലി എന്ന സമാഹാരമായിരുന്നു. രണ്ടാം സമ്മാനം വൈ എ സാജിദയുടെ ആകാശ വെളിച്ചം നേടിയപ്പോൾ സാദ്ദിക് കാവിലിൻ്റെ കല്ലുമ്മക്കായ എന്ന സമാഹാരം മൂന്നാം സമ്മാനത്തിനും അർഹതനേടി.
കവിതാവിഭാഗത്തിൽ കമറുദ്ദീൻ ആമേയത്തിൻ്റെ 100 ഗുളികവിതകൾ എന്ന കവിതാസമാഹാരം ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ, അനൂപ് ചന്ദ്രൻ്റെ “69” എന്ന കവിത സമാഹാരത്തിന് രണ്ടാം സമ്മാനവും, യഹിയ മുഹമ്മദിൻ്റെ നർസീസസിന് മൂന്നാം സമ്മാനവും ലഭിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടക്കുന്ന സാംസ്ക്കാരികം 25 എന്ന സാഹിത്യോത്സവം പരിപാടിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും. ഫെബ്രുവരി 22, 23 തിയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പ്രമുഖ സാഹിത്യകാരന്മാരായ പി എൻ ഗോപീകൃഷ്ണൻ, ഡോ. മാളവിക ബിന്നി, ഫൊഫസർ. എം എം നാരായണൻ എന്നിവർ പങ്കെടുക്കുന്നു.