വയനാട്:- വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം ഉണ്ടായത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർക്കും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർക്കുമാണ് നിർദ്ദേശം നൽകിയത്.
യുഎസ്എ ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. ഇതിനായി വയനാട് എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളെയും ഉപയോഗിച്ചു.
മാർച്ച് 20 മുതൽ 22 വരെ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഉപകരണം പരീക്ഷിച്ചത്. വിരലിൽ അണിയാവുന്ന ഇലക്ട്രോണിക്സ് ഉപകരണം വിദ്യാർഥികൾക്ക് നൽകി. ആർത്തവ സൈക്കിൾ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ഉപകരണമെന്നാണ് സൂചന. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉപകരണ പരീക്ഷണം.