എഡിജിപി അജിത് കുമാറിന് എതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ ആണ് ഹര്‍ജിക്കാരന്‍.
ഇന്നലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എം ആര്‍ അജിത് കുമാര്‍ ആരോപണമുക്തനെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കവടിയാറിലെ വീട് നിര്‍മാണത്തിലും ഫ്ളാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്നാണ് വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ വിജിലന്‍സ് തള്ളി.
വിജിലന്‍സ് സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടും അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടി തിരിച്ച് സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് എം ആര്‍ അജിത് കുമാറിനെ പൂര്‍ണമായി ആരോപണമുക്തനാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കോടികള്‍ മുടക്കി കവടിയാര്‍ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പിവി അന്‍വറിന്റെ പ്രധാന ആരോപണം. താഴത്തെ കാര്‍ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടമാണ് അജിത് കുമാര്‍ കവടിയാറില്‍ പണികഴിപ്പിക്കുന്നത്. എന്നാല്‍ എസ് ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മാണമെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.