ശബരിമല :-ശബരിമല നട ഉത്സവത്തിനും മേടവിഷുവിനോടനുബന്ധിച്ച പൂജകൾക്കുമായി നാളെ വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരർ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ഏപ്രിൽ 2-ന് രാവിലെ 9.45 മുതൽ 10.45 വരെയുള്ള സമയത്ത് തന്ത്രി കണ്ടരർ രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.
കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും. എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും. 10ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പിന് ശേഷം നടയടയ്ക്കും. 11നാണ് ആറാട്ട്. രാവിലെ 7.30ന് ഉഷ പൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും.
ഏപ്രിൽ 11-ന് പമ്പാ നദിയിൽ ആറാട്ട് നടക്കും. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച പൂജകളും വരുന്നതിനാൽ 18 ദിവസത്തേക്ക് ദർശനത്തിന് അവസരം ലഭിക്കും. ഏപ്രിൽ 14-ാം തീയതി വിഷു ദിനത്തിൽ രാവിലെ 4 മണി മുതൽ 7 മണിവരെയുള്ള വിഷുക്കണി ദർശനം നടക്കും. വിഷുദിനത്തിൽ രാവിലെ 7 മണി മുതലാണ് അഭിഷേകം. പൂജകൾ പൂർത്തിയാക്കിയ ശേഷം ഏപ്രിൽ 18-ന് രാത്രി 10 മണിക്ക് നട അടക്കും.