തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തിരികെയെത്തി സംസ്ഥാനത്തെ സ്വർണവില. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 66,720 രൂപയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 76,000 രൂപയെങ്കിലും വേണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ കൂടി 8340 രൂപയായി.
മാർച്ച് 20ന് രേഖപ്പെടുത്തിയ 66,480 രൂപയായിരുന്നു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തികുറിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണയിൽ കാണാൻ സാധിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,824 രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 114 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
1,2,3 തീയതികളിലെ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം വില കുതിച്ചപ്പോൾ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചു ചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.