വനത്തിൽ വളർന്നു കിളർത്തു പൂവ് വിരിഞ്ഞു വന്യ മൃഗങ്ങൾക്ക് ഭക്ഷണമാകുന്ന മൂട്ടിപ്പഴം വിളയുന്ന മൂട്ടി മരം നാട്ടിൻ പുറങ്ങളിൽ ചേക്കേറിയിട്ട് അധികകാലമായില്ല. മിക്കവർക്കും ഈ പഴത്തിന്റെ ഗുണം അറിയില്ല. അറിയാവുന്നവർ ഒരു തൈ വെച്ചു പിടിപ്പിക്കും.
തനിയെ കിളർത്തുവന്ന മരത്തിൽ വിളഞ്ഞ കായിൽ നിന്നും കിളിർത്ത മൂട്ടി മരം പൂവിട്ട ആഹ്ലാദത്തിൽ ആണ് കോന്നി അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറും കുടുംബവും. ആറുവർഷമായി മൂട്ടി മരം ഉണ്ട്. കഴിഞ്ഞ വർഷവും പൂത്തു. എന്നാൽ അങ്ങിങ് മാത്രം. ഇക്കുറി തടിയിൽ നിറയെ പൂവ് വിരിഞ്ഞു. ഇനി രണ്ട് മാസം കൊണ്ട് കായ്കൾ വിളഞ്ഞു പഴുക്കും. ആമയും, കൂരനും, മ്ലാവും തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ട ഭക്ഷണം ആണ് മൂട്ടി പഴം. തോടിനു ഉള്ളിൽ ഉള്ള പരിപ്പും പൾപ്പും ആണ് കഴിക്കാൻ സ്വാദ്.
തോട് അച്ചാർ ഇട്ടാൽ അതിലും ബഹു കേമം.
കേരളത്തിന്റെ തനതായ മൂട്ടിപ്പഴം ആദിവാസികളാണ് പ്രധാനമായും വളര്‍ത്തുന്നത്. ധാരാളം ഔഷധ ഗുണമുള്ളതാണ് ഈ പഴമെന്നു വിവിധ പഠനങ്ങളില്‍ തെളിയിച്ചതിനാല്‍ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്. എന്നാൽ കൃഷി ഭവൻ വേണ്ടത്ര പ്രോത്സാഹനം നൽകുന്നില്ല. വള പ്രയോഗം ഒന്നും വേണ്ട. പക്ഷെ ധാരാളം കായ്കൾ ലഭിക്കും. വിറ്റാൽ നല്ല വില കർഷകന് ലഭിക്കും. ഒരു മരത്തിൽ നിന്നും ആയിരക്കണക്കിന് പഴുത്ത കായ്കൾ ലഭിക്കും.തൈ നാട്ടുകഴിഞ്ഞാല്‍ 4 വര്‍ഷം കൊണ്ട് കായ്ക്കും. ചുവട്ടിൽ കരിയിലകൾ മാത്രം മതി.
വനങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമം: Baccaurea courtallensis). ഇത് മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുറുക്കൻതൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർവ മരമാണ്. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതു കൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, ആമ, കരടി, കൂരൻ, മ്ലാവ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു.
ആദിവാസികൾ കാട്ടിൽനിന്ന് ഈ പഴങ്ങൾ പറിച്ച് നാട്ടിൽകൊണ്ടുവന്ന് വിൽക്കാറുണ്ട്. കിലോ മുന്നൂറ് രൂപ വരെ ലഭിക്കും.കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക. മാർച്ച് ഏപ്രിൽ മാസത്തോടെ പ്രകൃതിയണിയിച്ച പട്ടുപോലെ മൂട്ടിമരത്തിന്‍റെ തായ്ത്തടി നിറയെ ഇളം ചുവപ്പു പൂക്കള്‍ വിരിയും തുടര്‍ന്ന് ചെറുകുലകളായി കായ്കളുടെ കൂട്ടം മൂട്ടിമരം നിറയെ കാണാം. ഇവ പഴുക്കുമ്പോള്‍ മങ്ങിയ ചുവപ്പു നിറമാകും. പഴങ്ങള്‍ക്കുള്ളിലെ പള്‍പ്പ് ഭക്ഷിക്കാം. മധുരവും പുളിയും കലര്‍ന്നതാണ് രുചി. പഴങ്ങള്‍ക്കുള്ളിലെ ചെറുവിത്തുകളാണ് നടീല്‍വസ്തു.
ഇവ മണലില്‍ പാകിക്കിളിര്‍പ്പിച്ച് തൈകള്‍ നടാം. ബഡ് ചെയ്‌തും ഗ്രാഫ്റ്റ് ചെയ്‌തും തൈകൾ വളർത്താം. നല്ല ചൂടുകാലത്തു മാത്രമേ ഈ മരം കായ്‌ക്കൂ . വെള്ളക്കെട്ടില്ലാത്ത ഏതുമണ്ണിലും മൂട്ടിമരം വളര്‍ത്താം. നല്ലൊരു തണല്‍വൃക്ഷം കൂടിയാണിത്. കേരളത്തിൽ പത്തോളം കർഷകർ മൂട്ടി മരം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു. തൈകൾ വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. കൃഷി ഭവനുകൾ മുഖേന മൂട്ടി തൈകൾ വിതരണം ചെയ്യേണ്ട കാര്യം കൃഷി വകുപ്പ് ആലോചിക്കണം.