തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന കോന്നിയിലെ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. അമിത് ഷായുടെ ഓഫിസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് ബി ജെ പി നേതാക്കള്‍ക്ക് ഒപ്പമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചത് .മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നൽകി. അന്വേഷണം ത്വരിതപ്പെടുത്താൻ ശ്രമിക്കുമെന്നും അതിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ല എന്ന് മേഘയുടെ പിതാവ് പറഞ്ഞു . വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതിനു തെളിവുണ്ടെന്നും കുടുംബം പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ പത്തനംതിട്ട കലഞ്ഞൂരിലെ മേഘയെ മാര്‍ച്ച് 24ന് രാവിലെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച ഐബി ഉദ്യോഗസ്ഥൻ, മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് ഒളിവിലാണെന്നാണ് സൂചന. ഇയാളെ അന്വേഷിച്ച് പേട്ട പൊലീസ് മലപ്പുറത്ത് എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ഇയാള്‍ എവിടെയാണെന്നത് സംബന്ധിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. സുകാന്തിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്. ഇയാള്‍ക്കായി ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മേഘയുടെ മരണത്തിന് പിന്നാലെ സുകാന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
കോന്നി അതിരുങ്കല്‍ കാരയ്ക്കാക്കുഴി സ്വദേശി പൂഴിക്കോട് മധുസൂദനന്‍റെ മകള്‍ മേഘയെ ഈ മാസം 24ന് തിരുവനന്തപുരം പേട്ടക്കും ചാക്കക്കും ഇടയില്‍ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.