എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:’ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും മോഹൻലാൽ കുറിച്ചു .
എമ്പുരാൻ’ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു.സ്ത്രീകൾക്കെതിരായ അക്രമവും ചില കലാപരംഗങ്ങളും എൻഐഎയുടെ ബോർഡുള്ള കാറിന്റെ ദൃശ്യവുമാണ് ഒഴിവാക്കുന്നത്. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജൻഡയാണ് ‘എമ്പുരാനി’ൽ ഉള്ളതെന്നു കുറ്റപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് നിര്‍മ്മാതാക്കളുടെ തീരുമാനം അനുസരിച്ച് വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുന്നത് .