അച്ചടക്കത്തിന്റെ ഒരു കാണാച്ചൂരൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷ കഴിയുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷമേളങ്ങളൊന്നും പാടില്ലെന്ന സർക്കാർ നിർദേശം. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ പതിവില്ലാത്തവിധം രക്ഷാകർത്താക്കളുടെ തിരക്ക്. സ്‌കൂൾകുട്ടികളുടെ ആഘോഷങ്ങൾ ജീവനെടുക്കുന്ന ചോരക്കളികളായി മാറിയതിന്റെ നടുക്കത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിലായിരുന്നു ഇത്തവണ പരീക്ഷ കഴിഞ്ഞുള്ള വേർപിരിയൽ.
എങ്കിലും യൂണിഫോമിലാകെ പേരെഴുതി നിറച്ചും ഓട്ടോഗ്രാഫുകളിൽ സന്ദേശങ്ങളെഴുതിയും പൊടുന്നനെ എവിടെനിന്നോ പൊന്തിവന്ന മൊബൈലുകളിൽ സെൽഫിയെടുത്തുമായിരുന്നു ഇത്തവണത്തെ വിടപറച്ചിൽ. ഇതിനു സാക്ഷികളാകാൻ രക്ഷിതാക്കളും സ്‌കൂളുകളിലെത്തി. സംഘർഷങ്ങളൊഴിവാക്കാനായി സ്‌കൂളുകളിലെ ആഘോഷപരിപാടികളെല്ലാം സർക്കാർ വിലക്കിയിരുന്നു. ആവശ്യമെങ്കിൽ പോലീസ് സുരക്ഷയൊരുക്കാനും നിർദേശമുണ്ടായിരുന്നു. പരീക്ഷയ്ക്കുശേഷം വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കളെത്താനും സർക്കാർ നിർദേശിച്ചിരുന്നു.
79,688 കുട്ടികളാണ് ഇത്തവണ ജില്ലയിൽ പരീക്ഷയെഴുതിയത്. 2017 കുട്ടികൾ പരീക്ഷയെഴുതിയ എടരിക്കോട് പികെഎംഎംഎച്ച്എസ്എസാണ് ജില്ലയിൽ ഏറ്റവുംകൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത്. 11 കുട്ടികൾ പരീക്ഷയെഴുതിയ രണ്ടത്താണി നുസ്രത്ത് പബ്ലിക് സ്‌കൂളിലാണ് ഏറ്റവും കുറവ്. 304 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 38,919 പെൺകുട്ടികളും 40,769 ആൺകുട്ടികളും പരീക്ഷയെഴുതി. അവസാനവിഷയം ജീവശാസ്ത്രമായിരുന്നു. പരീക്ഷ എളുപ്പമായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇംഗ്ലീഷും സോഷ്യൽസയൻസുമാണ് കൂടുതൽ വലച്ചത്. ഗണിതം ഇത്തവണ വിദ്യാർഥികളെ നിരാശരാക്കിയില്ല. പുതുമയുള്ള ചോദ്യങ്ങളായിരുന്നു ഫിസിക്‌സിൽ. പാഠഭാഗങ്ങളിലൂടെ കടന്നുപോയവരെ കെമിസ്ട്രി പരീക്ഷയും നിരാശപ്പെടുത്തിയില്ല. ശരാശരിക്കാരെ വലച്ച പരീക്ഷയായിരുന്നു ഇത്തവണത്തെ ഹിന്ദി.