സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം മുൻകൂറായി നടത്തും. ഒരു അധിക ബാച്ച് പോലും അനുവദിക്കില്ല. ആദ്യഘട്ട അലോട്മെന്റ് കഴിഞ്ഞ ശേഷം കുട്ടികൾ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകൾ പുനഃക്രമീകരിക്കും. അതിനു ശേഷവും സീറ്റ് ക്ഷാമമുണ്ടെങ്കിൽ മാത്രം അധിക ബാച്ചുകൾ അനുവദിക്കുന്നതുൾപ്പെടെ പരിശോധിക്കുമെന്നു വ്യക്തമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
കഴിഞ്ഞ വർഷം, അതിനു മുൻവർഷം അധികമായി അനുവദിച്ച 178 താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും അടക്കം 73,724 സീറ്റുകൾ മുൻകൂറായി നിലനിർത്തി പ്രവേശനം നടത്തിയിട്ടും മലബാർ മേഖലയിൽ സീറ്റ് ക്ഷാമമുണ്ടായത് വലിയ വിവാദമായിരുന്നു.
ആവശ്യക്കാർ കൂടുതലുള്ള വിഷയങ്ങളിൽ വേണ്ടത്ര സീറ്റ് ലഭ്യമല്ലാത്തതായിരുന്നു പ്രശ്നം. വൻ പ്രതിഷേധങ്ങളെ തുടർന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തിൽ അധികമായി അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചത്.
ആ സാഹചര്യം നിലനിൽക്കെയാണ് ഇത്തവണ ഒരു ബാച്ച് പോലും മുൻകൂറായി അധികം അനുവദിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. ഹയർ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.
എല്ലാ ജില്ലകളിലുമായി കഴിഞ്ഞ വർഷം 54,996 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടന്നതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മലപ്പുറത്ത് മാത്രം 7922 സീറ്റുകൾ ഒഴിഞ്ഞു കിടന്നു.