എടപ്പാളില്‍ ലഹരിസംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേര്‍ പിടിയിലായി.
പൊന്നാനി സ്വദേശികളായ മുബഷീര്‍ (19), മുഹമ്മദ് ജസീല്‍ (18) എന്നിവര്‍ക്കു പുറമേ 17 വയസുകാരനെയുമാണു ചങ്ങരംകുളം പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയാണു സംഭവം.
എടപ്പാള്‍-പൊന്നാനി റോഡരികില്‍ നില്‍ക്കുകയായിരുന്ന കുറ്റിപ്പാല സ്വദേശിയായ പതിനെട്ടുകാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്ബര്‍ ചോദിച്ചു. നമ്ബര്‍ കൈവശമില്ലെന്നു പറഞ്ഞതോടെ വടിവാളെടുത്തു ഭീഷണിപ്പെടുത്തി. ഓടിരക്ഷപ്പെട്ട വിദ്യാര്‍ഥിയെ പിന്തുടര്‍ന്ന് ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്കു പോയി.
പിന്നാലെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിനു കൈമാറി. സ്‌ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് അക്രമിസംഘത്തെ പിന്തുടര്‍ന്നു. പോലീസ് പിന്തുടരുന്നതു മനസിലാക്കിയ അക്രമികള്‍ യുവാവിനെ പൊന്നാനി ഐശ്വര്യ തീയറ്ററിനടുത്ത് ഇറക്കിവിട്ട് രക്ഷപ്പെട്ടു.
പോലീസ് അന്വേഷണത്തില്‍ ലഹരിസംഘമാണു സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. കൗമാരക്കാരും ഉള്‍പ്പെട്ട സംഘം ലഹരി ഉപയോക്‌താക്കളും ഇടപാടുകാരുമാണെന്നു പോലീസ് വ്യക്‌തമാക്കി. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. മുഹമ്മദ് ജസീല്‍ മുമ്ബ് പൊന്നാനിയില്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.