പാലക്കാട്: വാളയാറില്‍ ലഹരിയുമായി അമ്മയും മകനും പിടിയില്‍. എറണാകുളം സ്വദേശിയായ അശ്വതി,മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച ലഹരിമരുന്നുകളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പിടിയിലായ അശ്വതി ലഹരി ക്യാരിയറും ഇത് ഉപയോഗിക്കുന്നയാളുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍പ് തന്നെ ഇവര്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കി. ഈ സംഘം നിരവധി തവണ ഇത്തരത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസിന് ലഭിക്കുന്ന വിവരം. വാഹന പരിശോധനക്കിടെ യാദൃശ്ചികമായാണ് ഇവരെ കാണുന്നത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
എറണാകുളത്തേക്കാണ് ലഹരി കടത്താന്‍ ഇവര്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ ഇടപാടുകാരെ കുറിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നാല് ദിവസം മുന്‍പാണ് ഇവര്‍ ബെംഗളൂരുവിലേക്ക് പോയത്. എക്‌സൈസ് സംഘം ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.