ഹജ്ജ് തീർഥാടനത്തിന് കരിപ്പൂർ വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തവർ അമിതനിരക്ക് നൽകേണ്ടിവരുമെന്ന് ഉറപ്പായതോടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് മാറാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് ആയിരക്കണക്കിന് തീർഥാടകർ. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 516 പേർക്ക് അധികമായി അവസരമുണ്ടെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
തുടർന്ന് കരിപ്പൂരിൽനിന്ന് കണ്ണൂരിലേക്ക് മാറാൻ 1,200ലധികം തീർഥാടകരാണ് അപേക്ഷ സമർപ്പിച്ചത്. ഞായറാഴ്‌ചയായിരുന്നു ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന അവസരം. കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർ 1,35,828 രൂപയാണ് നൽകേണ്ടത്. അതേസമയം, കണ്ണൂരിൽനിന്നുള്ള യാത്ര നിരക്ക് 94,248 രൂപയും കൊച്ചിയിൽ നിന്ന് 93,231 രൂപയുമാണ്. കണ്ണൂരിനെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നുള്ള തീർഥാടകർ 41,580 രൂപയാണ് അധികം നൽകേണ്ടിവരുന്നത്.
കൂടുതൽ പേർ യാത്ര പുറപ്പെടാൻ ആശ്രയിക്കുന്ന കേന്ദ്രം കൂടിയാണ് കരിപ്പൂർ വിമാനത്താവളം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച 15,591 പേരിൽ 5857 പേർ കരിപ്പൂരിനെയാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തത്.
കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് സർവിസ് നടത്താൻ കഴിഞ്ഞ വർഷം 1.34,972 രൂപയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കിയത്. ഇതിലുമധികം തുകയാണ് ഈ വർഷം യാത്രക്ക് മാത്രമായി നൽകേണ്ടിവരുന്നത്. അനീതി പരിഹരിക്കാൻ കേന്ദ്ര സർക്കാർ തലത്തിൽ കാര്യമായ ഇടപെടലുണ്ടായിട്ടില്ലെന്നതിൻ്റെ വ്യക്തമായ തെളിവാണ് അമിത നിരക്ക്. സംസ്ഥാന സർക്കാറും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഇക്കാര്യത്തിൽ കത്തിടപാടുകളും മറ്റുമായി നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല.
ഒരു വിഭാഗം തീർഥാടകർ സുപ്രീംകോടതിയെ സമീപിച്ച ശേഷം കോടതി നിർദേശത്തെ തുടർന്നാണ് കരിപ്പൂരിൽ നിന്നുള്ള നിരക്ക് കുറക്കാൻ ഇടപെടാനാകില്ലെന്നും പൂർണാധികാരം വിമാനക്കമ്പനിക്കാണെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കിയത്. വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനിയും വിശദീകരിക്കുന്നത്.