ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോട്ടയം സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പൊലീസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി ആവശ്യപ്പെട്ടത്.
നോബിയ്ക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നോബിയ്ക്ക് ജാമ്യം നൽകരുതെന്ന് ആദ്യം സമർപ്പിച്ച പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പ്രതി തെളിവുകൾ നശിപ്പിക്കും എന്നായിരുന്നു പോലീസിന്റെ വിശദീകരണം.ഏറ്റുമാനൂർ പൊലീസ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിരുന്നു. ഷൈനിയുടെ മൊബൈൽ ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.നോബിയും ഷൈനിയും തമ്മിലുള്ള അവസാനത്തെ ഫോൺ കോളാണ് ഷൈനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് എന്നതാണ് നിലവിൽ പൊലീസിന്റെ നിഗമനം.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.