താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തില്‍ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിദ്യാർത്ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പരീക്ഷക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്കിടയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ മൂന്ന് വിദ്യാർത്ഥികള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് സംഘർഷം. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.