കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പന ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിലൊന്നിലും അരി എത്തിയില്ല. അരി മാത്രമല്ല, സബ്‍സിഡി സാധനങ്ങളും ഔട്ട്‍ലെറ്റുകളില്‍ എത്തിയിട്ടില്ല.
മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. എന്നാല്‍ ഇതിന് മുമ്പായി ഔട്ട്‍ലെറ്റുകളില്‍ ശബരി കെ റൈസോ, 13 ഇന സബ്‍സിഡി സാധനങ്ങളും സപ്ലൈക്കോയിൽ ഇല്ല. തിരുവനന്തപുരം നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കാലിയായ നിലയിലാണ്.
അതേസമയം കെ റൈസ് ഉദ്ഘാടനത്തിന് ശേഷം അരി എത്തിക്കും എന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 56 ഔട്ട്‌ലെറ്റുകളിലൂടെ കെ റൈസ് വിതരണം ചെയ്യാൻ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചുകൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയ അരിയാണ് ഇതിനായി സംഭരിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക, ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക എന്നെല്ലാമായിരുന്നു അറിയിച്ചിരുന്നത്.