ന്യൂഡൽഹി: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി പുതുക്കിയ നിരക്കനുസരിച്ച് 369 രൂപ ദിവസ വേതനം ലഭിക്കും. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. നിലവിൽ, കേരളത്തിൽ തൊഴിലാളികൾക്ക് 346 രൂപയാണ് പ്രതിദിനം ലഭിക്കുന്നത്. ഇത് 6.65 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വിജ്ഞാപനമനുസരിച്ച്, 2025-26 ലെ ദേശീയതലത്തിൽ, വേതന നിരക്കുകൾ 2.33-7.48% വർദ്ധിപ്പിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ, ദേശീയതലത്തിൽ വേതനത്തിൽ 7 രൂപ മുതൽ 26 രൂപ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ NREGS വേതനത്തിൽ 7 രൂപ വർദ്ധനയുണ്ടായി. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ 26 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയത്, 2025-26 കാലയളവിൽ NREGS വേതനം പ്രതിദിനം 374 രൂപയിൽ നിന്ന് 400 രൂപയിലെത്തും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യമായാണ് ദിവസ വേതനം പ്രതിദിനം 400 രൂപയിൽ എത്തുന്നത്.
2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ സെക്ഷൻ 6 ലെ ഉപവകുപ്പ് (1) പ്രകാരമാണ് NREGS വേതന നിരക്കുകൾ സർക്കാർ പ്രഖ്യാപിക്കുന്നത്. പുതിയ നിരക്കുകൾ സാമ്പത്തിക വർഷത്തിന്റെ ഒന്നാം തീയതി (ഏപ്രിൽ 1) മുതൽ പ്രാബല്യത്തിൽ വരും.ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പത്തിലെ വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്ന സിപിഐ-എഎല്ലിൽ ( കാർഷിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) വരുന്ന മാറ്റങ്ങൾ അനുസരിച്ചാണ് എൻആർഇജിഎസ് വേതന നിരക്കുകൾ നിശ്ചയിക്കുന്നത്.