കൊച്ചി: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ പല പേജുകളിലായാണ് സിനിമയിലെ ഭാഗങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഹിന്ദി പതിപ്പാണ് പ്രചരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.
നിരവധി ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. തിയറ്ററിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇന്നലെയാണ് Kizito.peters എന്ന ഫേസ്ബുക്ക് പേജിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. വ്യാജപതിപ്പുകൾ ലഭിക്കാൻ ടെലഗ്രാമിലും ഗ്രൂപ്പുകൾ സജീവമാണ്.
ആദ്യ ഷോ കഴിഞ്ഞ് മണിക്കൂറുകൾ പൂർത്തിയാകും മുമ്പേ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകളിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്റും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.